തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ കാത്തിരുന്ന ജനക്കൂട്ടത്തിന് ആവേശമായി പുലിക്കളി മഹോത്സവം. ഇന്ന് വൈകിട്ട് നാലരയോടെ ഇടമുറിയാതെ കടന്നെത്തിയ മുന്നൂറോളം പുലികളാണ് വടക്കുന്നാഥന്‍റെ പ്രദക്ഷിണ വഴികളെ ആവേശത്തിലാക്കിയത്. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് പുലികൾ സ്വരാജ് റൗണ്ടിലിറങ്ങി. മുന്നൂറോളം പുലികൾ ചെണ്ടയിലെ പുലിത്താളത്തിനൊപ്പം, അരമണിയും കുടവയറും കുലുക്കി ചുവടുവച്ചു. ആവേശം കൂട്ടാൻ മൂന്നു പെൺപുലികളും ഇവർക്കൊപ്പം ചുവട് വെച്ചപ്പോൾ ആസ്വാദകർ ഇരട്ടിയാവേശത്തിൽ പ്രോത്സാഹിപ്പിച്ചു.
ഉത്രാടനാളിൽ ആരംഭിച്ച തൃശൂരിന്‍റെ ഓണാഘോഷങ്ങൾക്ക് പുലിക്കളി മഹോൽസവത്തോടെ സമാപനമായി. തൃശൂര്‍ റൗണ്ടില്‍ ബിനി ജങ്ഷനിൽ മന്ത്രി വി.എസ് സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് പുലിക്കളി സംഘങ്ങൾ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്.
വരയൻ പുലികളും പുള്ളിപ്പുലികളും കുട്ടിപ്പുലികളുമടക്കമുള്ളവ ദേശങ്ങൾ വിട്ട് പുലിമടയായ സ്വരാജ് റൗണ്ടിൽ രാത്രി എട്ട് വരെ നിറഞ്ഞാടി. വിയ്യൂർ സെന്റർ, വിയ്യൂർ ദേശം, അയ്യന്തോൾ, തൃക്കുമാരകുടം, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെന്റർ എന്നീ ആറ് സംഘങ്ങളായിരുന്നു ഇത്തവണത്തെ പുലിക്കളി മഹോൽസവത്തിൽ പങ്കെടുത്തത്. കാലിക പ്രസക്തിയുള്ള വിഷയങ്ങളും, പുരാണ കഥകളുടെയും ആവിഷ്കാരം നടത്തിയ നിശ്ചല ദൃശ്യങ്ങളും പുലിക്കളി സംഘങ്ങളെ വർണശബളമാക്കി. ഒന്നര ലക്ഷം രൂപ വീതമുള്ള പ്രോൽസാഹന സമ്മാനങ്ങൾക്കൊപ്പം ഒന്നാം സ്ഥാനക്കാർക്ക് 40,000 രൂപയും, രണ്ടാം സമ്മാനം 30,000 രൂപയും, മൂന്നാം സ്ഥാനത്തിന് 25,000 രൂപയുമാണ് സമ്മാനം. മികച്ച ടീം, മികച്ച കളിക്കാരൻ, മികച്ച മേളം എന്നിവക്കും തൃശൂര്‍ കോര്‍പറേഷന്‍റെ സമ്മാനങ്ങളുണ്ട്.