തൃശൂർ : ആഭിചാര ക്രിയകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് തൃശൂരില്‍ ക്ഷേത്രത്തിനും പൂജാരിക്കുമെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മാള കുണ്ടൂര്‍ മഠത്തിലാന്‍ മുത്തപ്പന്‍ കാവ് ക്ഷേത്രത്തിനെതിരെയാണ് പ്രതിഷേധം. ആഭിചാരക്രിയകള്‍ നടത്തുന്ന ക്ഷേത്രം അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ക്ഷേത്രത്തിലെ പൂജാരി രാജീവിനെതിരെ പോക്‌സോ കേസുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍പും പൂജാരിക്കെതിരെ നാട്ടുകാര്‍ സമാന പരാതിയുയര്‍ത്തിയിരുന്നു. പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. പൂജാരിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂന്ന് വര്‍ഷമായി ഈ ക്ഷേത്രത്തില്‍ പൂജ നടന്നുവരികയാണ്. മുന്‍പ് കല്‍പ്പണിക്കാരനായ ഒരു വ്യക്തിയാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ പൂജ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തിലെ ആഭിചാരങ്ങള്‍ തങ്ങളുടെ സ്വൈര്യ ജീവിതം നശിപ്പിക്കുന്നുവെന്ന് നാട്ടുകാര്‍ വിശദീകരിക്കുന്നു.
ഇവിടെ രാത്രിയിലുണ്ടാകുന്ന വലിയ ബഹളങ്ങള്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ അറിയിച്ചു.