തൃശൂർ: 30 വർഷം മുൻപ് പൊലീസ് സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പറായി ജോലിക്ക് കയറുമ്പോൾ മുപ്ലിയം സ്വദേശി രാധയുടെ മനസില്‍ ഒരു സർക്കാർ ജോലി മാത്രമായിരുന്നില്ല. 1969-ൽ പത്താംതരം വിജയിച്ച രാധയ്ക്ക് ഇതിനേക്കാൾ ഉയർന്ന ജോലി ലഭിക്കുമായിരുന്നിട്ടും പൊലീസുകാർക്കൊപ്പം ഔദ്യോഗിക ജീവിതം തുടങ്ങാനാണ് അവരുടെ ശുചിത്വ ബോധം തീരുമാനിച്ചത്. ഇന്നും പതിവു പോലെ രാവിലെ ജോലിക്കെത്തിയ രാധ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. എന്നത്തേയും പോലെ ഉച്ചയോടെ മടങ്ങാനൊരുങ്ങുമ്പോൾ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ജയകൃഷ്ണൻ, എസ്.ഐ. ജെ. ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരം നൽകി. തുടർന്ന് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി.
30 വർഷം വൃത്തിയാക്കി പരിപാലിച്ച പൊലീസ് സ്റ്റേഷനിൽനിന്നുള്ള രാധയുടെ പടിയിറക്കം പൊലീസുകാർ നൽകിയ അപൂർവ യാത്രയയപ്പുകൊണ്ട് ശ്രദ്ധേയമായി. കൊവിഡ് 19 കരുതൽ നടപടികളുടെ ഭാഗമായി ചടങ്ങും പൊതുയോഗവുമെല്ലാം ഒഴിവാക്കിയിരുന്നു. എന്നാൽ ദീർഘമായ സേവനത്തിന് രാധയെ അർഹമായവിധം യാത്രയയക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശമുണ്ടായിരുന്നു. ഗാർഡ് ഓഫ് ഓണറിന് ശേഷം സ്റ്റേഷൻ വാഹനത്തിൽ രാധയെ പൊലീസുകാർ വീട്ടിൽ എത്തിക്കുകയായിരുന്നു. മുപ്ലിയം പണ്ടാരത്തിൽ രാമന്‍റെ ഭാര്യയായ രാധയ്ക്ക് രണ്ട് മക്കളുണ്ട്.