തൃശൂർ: സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി. തൃശൂർ വിജിലൻസ് കോടതിയിലാണ് പൊതു പ്രവർത്തകനായ പി ഡി ജോസഫ് ഹര്‍ജി സമർപ്പിച്ചത്.
തൃശൂർ വിജിലൻസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സിഎജി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഹർജിയിൽ പി.ഡി ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകളെ നേരിടുന്ന പൊലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള പണം വക മാറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് വില്ല നിർമിച്ചതും തൃശൂർ, തിരുവനന്തപുരം പൊലീസ് അക്കാദമികളിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവവും അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക് നാഥ് ബെഹ്‌റക്കെതിരെ സി എ ജി ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തണമെന്നും ഹർജിയിൽ ഉണ്ട്. ഡിജിപി ലോക് നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി, തൃശ്ശൂർ പൊലീസ് അക്കാഡമി കമാൻഡന്റ്, തിരുവനന്തപുരം എസ് എ പി കമാൻഡന്‍റ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഹർജി കോടതി ഈ മാസം 20ന് പരിഗണിക്കും.