തൃശൂർ: ഒല്ലൂരിലെ ചിത്ര സ്റ്റുഡിയോ ലോക്ക് ഡൗണിന് മുൻപുവരെ പ്രദേശവാസികളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്നു. അപ്രതീക്ഷിതമായെത്തിയ ലോക്ക് ഡൗണിൽ കല്യാണവും മറ്റ് ആഘോഷങ്ങളുമെല്ലാം മുടങ്ങിയപ്പോൾ സ്റ്റുഡിയോയില്‍ നിന്നുള്ള വരുമാനവും ഇല്ലാതെയായി. എന്നാൽ പ്രതിസന്ധികൾക്കെതിരെ എല്ലാക്കാലത്തും ബിസിനസ് ആശയം കൊണ്ട് നേരിടുന്ന തൃശൂർക്കാരുടെ പ്രതിനിധിയായി മാറുകയാണ് പൊന്തേക്കൻ ജോസേട്ടൻ. പടം പിടിക്കാൻ ആളുവരാതായതോടെ കാമറയും ഫ്‌ളാഷും മാറ്റിവച്ച ജോസേട്ടൻ, ഒല്ലൂർ പടവരാട്ടെ തന്‍റെ ചിത്രാ സ്റ്റുഡിയോയുടെ മുന്നിൽ ബജിക്കടയിട്ടു.
ലോക്ക് ഡൗണിൽ ജോസേട്ടന്‍റെ ബജിക്കട ക്ലിക്കായി. ഇപ്പോൾ നാട്ടുകാരുടെ പ്രിയ രുചിയിടമായി മാറിയിരിക്കുകയാണ് ജോസേട്ടന്‍റെ ബജിക്കട. പഴയ സാഹചര്യങ്ങൾ തിരിച്ചെത്താൻ വൈകുമെന്ന തിരിച്ചറിവാണ് തന്നെ കടയിടാൻ പ്രേരിപ്പിച്ചതെന്നാണ് ജോസേട്ടന്‍റെ പക്ഷം. ഉച്ചക്ക് രണ്ടു മുതൽ രാത്രി ഒൻപത് വരെയാണ് കച്ചവടം. ഇതിനിടെ ഫോട്ടോ ആവശ്യങ്ങൾക്കായി എത്തുന്ന വിരളം ആളുകൾക്ക് ഫോട്ടോ എടുത്തു കൊടുക്കാനും ജോസേട്ടൻ സമയം കണ്ടെത്തുന്നുണ്ട്. ഫോട്ടോഗ്രാഫറും സുഹൃത്തുമായ പ്രശാന്തും ബജിക്കടയിൽ ജോസിനെ സഹായിക്കാൻ എത്തുന്നുണ്ട്. കൊറോണക്കാലത്തെ സംരംഭകത്വത്തിലെ സ്വയം പര്യാപ്തത തിരിച്ചറിഞ്ഞ ജോസേട്ടൻ ഭാവിയിലും കച്ചവടം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉറപ്പിച്ചു പറയുന്നു.