തൃശൂർ: പാവറട്ടിയിലെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഞ്ചാവ് കേസിലെ പ്രതിയായ തിരൂർ സ്വദേശി രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് ചെന്നിത്തല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപെട്ടത്.ഗുരുതരമായ മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ കസ്റ്റഡി മരണങ്ങൾ വർധിച്ചുവരുകയാണ്. കസ്റ്റഡി മരണം സംബന്ധിച്ച് കേസില്‍ ആരെങ്കിലും ഉൾപെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നാണ് എക്സൈസ് മന്ത്രി പറഞ്ഞത്. മന്ത്രി പറഞ്ഞത് സ്വീകാര്യമല്ലെന്നും പകരം ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ ഉടുമ്പുചോലയില്‍ പൊലീസ് കസ്റ്റഡിയിലും ഇപ്പോൾ പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയിലുമാണ് മരണം സംഭവിച്ചത്. ഇത് തുടരാന്‍ അനുവദിക്കില്ല. എക്സൈസ് വകുപ്പില്‍ ആകെ നടക്കുന്നത് ബാറുകൾ അനുവദിക്കുക മാത്രമാണെന്നും ഇത് സംബന്ധിച്ച് അടുത്ത ദിവസം തന്നെ കൂടുതല്‍ കാര്യങ്ങൾ പുറത്തുവിടുമെന്നും ചെന്നത്തല കൂട്ടിചേർത്തു.
ഗുരുവായൂർ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രഞ്ജിത്തിനെ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയില്‍ എടുക്കുന്നത്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ അപസ്പാമര ലക്ഷണം കാണിച്ചതിനെ തുടർന്ന് രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇതു സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ പ്രതികരണം. അതേസമയം വെള്ളിയാഴ്ച്ച വൈകിട്ടോടെ രഞ്ജിത്തിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ഉന്നത പൊലീസ് ഉദ്യേഗസ്ഥർ തയ്യാറായില്ല.