തൃശൂർ: തൃശൂരിന് വിസ്‌മയാനുഭവം സമ്മാനിച്ച് പൂരപ്രേമി സംഘം സംഘടിപ്പിച്ച പാവക്കഥകളി. നടുവിലാല്‍ പാണ്ടി സമൂഹമഠം ഹാളിൽ ആയിരുന്നു പരിപാടി. ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള നടനകൈരളിയാണ് പാവക്കഥകളി അവതരിപ്പിച്ചത്.
കല്യാണസൗഗന്ധികം, ദുര്യോധനവധം എന്നീ കഥകളാണ് അവതരിപ്പിച്ചത്. അവതരണ രീതിയുടെ പ്രത്യേകതകള്‍ തന്നെയായിരുന്നു പാവക്കഥകളിയുടെ ആകര്‍ഷണം. അരങ്ങിൽ മനുഷ്യ വേഷങ്ങളുടെ അവതരണത്തിന്‍റെ അതേ സൂക്ഷ്‌മവും ഭാവ സാന്ദ്രവുമായിരുന്നു പാവക്കഥകളിയുടെ അവതരണവും.
കുട്ടികളും വിദേശികളും അടക്കമുള്ളവര്‍ പാവക്കഥകളി കാണാൻ എത്തിയിരുന്നു. പാലക്കാട് സ്വദേശികളായ കെ സി രാമകൃഷ്‌ണൻ, കെ ജി രാമകൃഷ്‌ണൻ, തൃശൂർ സ്വദേശി ശ്രീനിവാസൻ കുന്നമ്പത്ത്, ഹരിദാസ് എന്നിവരാണ് പാവകളെ ചലിപ്പിച്ചത്. ഉണ്ണികൃഷ്‌ണൻ പാഞ്ഞാൾ മേളവും, കലാനിലയം രാമകൃഷ്‌ണൻ കഥകളിസംഗീതവും അവതരിപ്പിച്ചു.