തൃശൂര്‍: തൃശൂർ പൂരത്തിന്‍റെ ചടങ്ങുകൾക്ക് ഒരു ആനയെ എഴുന്നള്ളിക്കാന്‍ അനുമതി തേടിയ പാറമേക്കാവ് ദേവസ്വത്തിന്‍റെ അപേക്ഷ തള്ളി ജില്ലാ കലക്‌ടർ എസ്. ഷാനവാസ്. ഒരാനയെ എഴുന്നുള്ളിക്കാനും അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനും അനുവദിക്കണമെന്നാണ് പാറമേക്കാവ് ആവശ്യപ്പെട്ടത്. തൃശൂര്‍ നിലവിൽ കൊവിഡ് മുക്ത ജില്ലയായത് കൂടി ചൂണ്ടിക്കാട്ടിയാണ് പാറമേക്കാവ് ദേവസ്വം ബോർഡ് ആവശ്യം മുന്നോട്ട് വെച്ചത്.
തിരുവമ്പാടി വിഭാഗം ഇതുവരെ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. ഒരാനപ്പുറത്ത് പൂരം എഴുന്നുള്ളിക്കാനും അഞ്ച് പേർക്ക് പങ്കെടുക്കാനുമുള്ള അനുമതി തേടിയ ദേവസ്വത്തിന്‍റെ ആവശ്യം ജില്ലാ കലക്‌ടർ അംഗീകരിച്ചില്ല. ലോക്ക് ഡൗൺ ചട്ടങ്ങൾക്ക് വിരുദ്ധമാകുമെന്നതും ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാൽ ആളുകൾ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്നതുമാണ് കലക്‌ടർ അനുമതി നിഷേധിക്കാൻ കാരണമായത്. നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും കലക്‌ടർ വ്യക്തമാക്കി. ഇത്തവണ ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് പൂരത്തിന്‍റെ കൊടിയേറ്റം നടത്തിയത്.