തൃശൂര്‍: പറമ്പിക്കുളം ഡാമിലെ ഷട്ടറുകൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് വഴി വെള്ളം ചാലക്കുടി പുഴയിലേക്ക് കുതിച്ചെത്തി. പെരിങ്ങൽകുത്ത് ഡാമിൻ്റെ ആറ് ഷട്ടറുകൾ ഉയർത്തിയാണ് ജല വ്യതിയാനം നിയന്ത്രിക്കുന്നത്. പറമ്പിക്കുളം റിസര്‍വോയറിന്‍റെ ഷട്ടറുകൾ തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് (സെപ്‌റ്റംബര്‍ 21) പുലര്‍ച്ചെ രണ്ട് മണി മുതലാണ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകിയെത്തിയത്.
ഇതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ആദ്യം നാല് ഷട്ടറുകള്‍ തുറന്നത്. പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി ചാലക്കുടി പുഴയിലേക്ക് വെള്ളം തുറന്നു വിടാൻ തുടങ്ങിയിരുന്നു. ആശങ്ക ഒഴിവാക്കി ജാഗ്രത പുലർത്താനും നിർദേശമുണ്ട്.
ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരും: 600 ക്യുമെക്‌സ് വെള്ളമാണ് ഇപ്പോൾ പുറന്തള്ളപ്പെടുന്നത്. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ മുതൽ 4.5 മീറ്റർ വരെ ഉയരാനാണ് സാധ്യത. എന്നാൽ, നിലവിൽ പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നില്ലാത്തതിനാൽ ആശങ്കയുടെ സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, കടുത്ത ജാഗ്രത പുലർത്തണമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
പുഴയിൽ മീന്‍പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്ന കർശന മുന്നറിയിപ്പും പ്രദേശത്ത് നൽകിയിട്ടുണ്ട്. ജലത്തിന്‍റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ല ദുരന്ത നിവാരണ വിഭാഗത്തിൻ്റെ ഓപ്പറേഷൻസ് വിഭാഗം നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ മാത്രമേ ആളുകളെ മാറ്റിപ്പാർപ്പിക്കുകയുള്ളുവെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം, മഴ ഇല്ലാത്തതിനാൽ നിലവിൽ എല്ലാ പുഴകളിലെയും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.
അന്വേഷണം തുടങ്ങിയെന്ന് തമിഴ്‌നാട്: ഷട്ടറിന്‍റെ നിയന്ത്രണം ഉറപ്പാക്കിയിരുന്ന കോണ്‍ക്രീറ്റ് തൂണ്‍ ഇളകി മാറിയതോടെയാണ് ചങ്ങല പൊട്ടി ഷട്ടര്‍ തകര്‍ന്ന് വീണത്. ഡാമിലെ നീരൊഴുക്ക് കുറയുന്നതിന് അനുസരിച്ച് പരമാവധി വേഗത്തില്‍ തകരാര്‍ പരിഹരിക്കുെമന്നും ഉന്നതതല അന്വേഷണം തുടങ്ങിയതായും തമിഴ്‌നാട് ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേരളത്തിന് ജാഗ്രത മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ തകരാര്‍ പരിഹരിക്കാനുള്ള ആദ്യശ്രമം തമിഴ്നാട് തുടങ്ങിയെങ്കിലും ഡാമിലെ നീരൊഴുക്ക് താഴാതെ പൂര്‍വസ്ഥിതിയിലാക്കുക അസാധ്യമെന്ന് വിലയിരുത്തി. ഡാം സുരക്ഷ ഉന്നത ഉദ്യോഗസ്ഥരെത്തി കൂടുതല്‍ പരിശോധിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ ജലമൊഴുകുന്ന പ്രദേശത്തോട് ചേര്‍ന്ന് താമസിക്കുന്ന പറമ്പിക്കുളത്തെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കോണ്‍ക്രീറ്റ് തൂണുകളുടെയും ചങ്ങലയുടെയും അറ്റകുറ്റപ്പണി ഉള്‍പ്പെടെ കൃത്യമായ ഇടവേളയില്‍ പൂര്‍ത്തിയാക്കിട്ടുണ്ടെന്നാണ് തമിഴ്നാടിന്‍റെ വിശദീകരണം.
മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടോ പരിപാലനത്തിലെ വീഴ്ചയാണോ എന്ന കാര്യങ്ങളും അന്വേഷിക്കും. മറ്റ് രണ്ട് ഷട്ടറുകളും നിലവില്‍ പത്ത് സെന്‍റിമീറ്റർ വീതം തുറന്നാണ് ജലമൊഴുക്കുന്നത്. 1825 അടിയാണ് പറമ്പിക്കുളത്തിന്‍റെ സംഭരണശേഷി