തൃശ്ശൂർ: പാറളം പഞ്ചായത്തിലെ അമ്മാടം ചിറ ഇറിഗേഷന്‍ പദ്ധതി യാഥാര്‍ഥ്യമായി. തൃശൂർ ജില്ലാ പഞ്ചായത്തിന്‍റെ 49 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പാടങ്ങളിൽ കെട്ടി നിൽക്കുന്ന ജലം പമ്പ് ചെയ്ത് മറ്റൊരിടത്ത് ശേഖരിച്ച് സംരക്ഷിക്കുന്നതാണ് അമ്മാടം ചിറ ഇറിഗേഷന്‍ പദ്ധതി.മഴക്കാലത്ത് പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കാരണം വൈകിയേ പാറളം പഞ്ചായത്തിലെ പാടങ്ങളിൽ കൃഷി ആരംഭിക്കാൻ കഴിയാറുള്ളൂ.ഈ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.
രണ്ട് കിലേമീറ്ററിലധികം അകലെയുള്ള അമ്മാടം ചിറ കെട്ടിലേക്ക് പൈപ്പ് ലൈൻ വഴി വെള്ളം പമ്പ് ചെയ്ത് സംരക്ഷിക്കുന്നു. ഈ വെള്ളം ഉപയോഗിച്ച് പഞ്ചായത്തിലെ 20 ഏക്കറിലധികം വരുന്ന തരിശ് ഭൂമിയില്‍ നെൽ കൃഷി ചെയ്യാൻ സാധിക്കും. കൂടാതെ പഞ്ചായത്തിലെ 5 വാർഡുകളിലെ ജനങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും ഈ പദ്ധതി ഗുണകരമാകും.
പെെപ്പ് ലെെനില്‍ കൃഷിക്കുവേണ്ടി 3 സ്ഥലങ്ങളിൽ വാൽവുകളും സ്ഥാപിച്ചിട്ടുണ്ട്. ചിറയില്‍ നിന്ന് തിരിച്ച് കൃഷിയിടത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനായി അടക്കാനും തുറക്കാനും കഴിയാവുന്ന പുതിയ ഷട്ടർ സിസ്റ്റവും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.