തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ (Paliyekkara toll plaza) ഇന്ന് മുതൽ നിരക്ക് വർധന. ടോൾ പ്ലാസയിലെ നിരക്ക് വർധനവിനെതിരെ വലിയ രീതിയിൽ പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും തുക വർധിപ്പിച്ചത്. ദിവസത്തിൽ ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് വർധന നിശ്ചയിച്ചിട്ടുള്ളത്.
പുതുക്കിയ നിരക്ക്: കാർ, ജീപ്പ്, വാൻ എന്നിവയ്‌ക്ക് ഒരു വശത്തേയ്‌ക്ക് മാത്രമുള്ള യാത്രയ്‌ക്ക് നിരക്കിൽ വ്യത്യാസം ഇല്ല. നിലവിലുള്ള 90 രൂപ തന്നെയാണ് ഇപ്പോഴും തുടരുന്നത്. എന്നാൽ, ഒരു ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് അഞ്ച് രൂപ വർധിച്ച് 140 രൂപയാണ് പുതുക്കിയ നിരക്ക്. അതേസമയം, ചെറുകിട വാണിജ്യവാഹനങ്ങൾക്ക് ഒരു വശത്തേക്കുള്ള ടോൾ നിരക്ക് 160 രൂപയായി തന്നെ തുടരുമ്പോൾ ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് അഞ്ച് രൂപ വർധിച്ച് 240 രൂപയാണ് നിലവിലെ നിരക്ക്.
ബസ്, ലോറി, ട്രക്ക് എന്നിവയ്‌ക്ക് ഒരു വശത്തേക്കുള്ള നിരക്കിൽ അഞ്ച് രൂപ വർധിപ്പിച്ച് 320 രൂപയും ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് അഞ്ച് രൂപ വർധിപ്പിച്ച് 480 രൂപയുമാണ് പുതിയ നിരക്ക്. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരുവശത്തേയ്‌ക്ക് 515 രൂപയും ഒന്നിൽ കൂടുതൽ യാത്രകൾക്ക് 775 രൂപയുമാണ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ടോൾ പ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്കും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള ഒരു മാസത്തേക്കുള്ള ടോൾ നിരക്കിൽ മാറ്റമില്ല.
സുരക്ഷ ഓഡിറ്റ് നിർദേശങ്ങൾ പാലിക്കാതെയും കരാർ പ്രകാരമുള്ള അനുബന്ധ സംവിധാനങ്ങൾ പൂർത്തിയാക്കാതെയും പാലിയേക്കര ടോൾ നിരക്ക് ഉയർത്തുന്നതിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. മണ്ണുത്തി - ഇടപ്പള്ളി ദേശീയ പാത 544ൽ (Mannuthy - Edappally stretch of National Highway 544) ഏഴാം തവണയാണ് നിരക്ക് വർധിപ്പിച്ചത്. ഗുരുവായൂർ ഇൻഫ്രാസ്‌ട്രക്‌ചർ പ്രൈവറ്റ് ലിമിറ്റഡ് (Guruvayoor Infrastructure Private Limited) കമ്പനി 2012ലാണ് പാലിയേക്കര ടോൾ പ്ലാസയിൽ പിരിവ് ആരംഭിച്ചത്. തുടർന്ന് 2015 മുതലാണ് നിരക്ക് വർധിപ്പിക്കാൻ (Toll Amount Raised) തുടങ്ങിയത്. 2028 വരെയാണ് നിർമാണ കമ്പനിയ്‌ക്ക് ടോൾ പിരിക്കാൻ കരാർ നൽകിയിട്ടുള്ളത്.
അതേസമയം, 2020ൽ ടോൾ പിരിവിനെതിരെ കെപിസിസി അംഗങ്ങൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ദേശീയപാത നിർമാണ ചെലവിനേക്കാൾ കൂടുതൽ തുക ടോൾ പിരിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. 721.17 കോടി രൂപ ചെലവിട്ടാണ് ദേശീയ പാത നിര്‍മിച്ചത്. 2020 ജൂലായ് മാസത്തോടെ 800.31 കോടി ലഭിച്ചുവെന്നാണ് വിവരാവകാശ രേഖയിലുള്ളതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.