തൃശ്ശൂർ: ജില്ലയില്‍ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ മാസം 20ന് മൗറീഷ്യസിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശിക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളുടെ സാമ്പിൾ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും കൂടുതൽ പേരുമായി സമ്പർക്കം ഉണ്ടായിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇന്ന് ലഭിച്ച ഒൻപത് പരിശോധനഫലങ്ങളിൽ ഒരെണ്ണം ഒഴികെ എട്ട് എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഏഴ് ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. അഞ്ച് പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 39 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയച്ചു.
കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14935 ആയി. വീടുകളിൽ 14896 പേരും ആശുപത്രികളിൽ 39 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്ന് 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ ഇന്ന് ഡിസ്‌ചാർജ് ചെയ്തു. 514 പേരെ വീടുകളിൽ പുതിയതായി നിരീക്ഷണത്തിലാക്കി. 204 പേരെ നിരീക്ഷണ കാലഘട്ടം കഴിഞ്ഞതിനെ തുടർന്ന് ഒഴിവാക്കി.