തൃശൂര്‍: കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാടുകുറ്റി പാമ്പുത്തറയില്‍ വീട്ടില്‍ വ്യാജ മദ്യം നിര്‍മിച്ചയാള്‍ അറസ്റ്റില്‍. മുല്ലശ്ശേരി വീട്ടിൽ സുബ്രനാണ് അറസ്റ്റിലായത്. ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനെ തടര്‍ന്ന് മദ്യലഭ്യത കുറഞ്ഞതോടെയാണ് ഇയാള്‍ ചാരായ നിര്‍മാണം ആരംഭിച്ചത്. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 75 ലിറ്റര്‍ കോടയും വാറ്റിയ ചാരായം എത്തിച്ചു നല്‍കിയ അഞ്ച് ലിറ്റര്‍ ക്യാനുകളും വാറ്റാനുപയോഗിച്ച തകര പാത്രങ്ങളും ട്യൂബ് എന്നിവയും പൊലീസ് കണ്ടെടുത്തു.
മൊബൈയില്‍ ഫോണിലൂടെ ആവശ്യക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ചാരായം എത്തിച്ച് കൊടുക്കുകയായിരുന്നു. സ്റ്റേഷന്‍ പരിധിയില്‍ നിന്നും വ്യാജമദ്യ നിർമാണം, ലഹരിയുടെ ഉപയോഗവും വിതരണവും പൂർണമായും തടയുന്നതിനായി 'സേ നോ ടു ഡ്രഗ്‌സ്' എന്ന പദ്ധതി നടപ്പിലാക്കി വരുന്നതായും കൊരട്ടി പൊലീസ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ മലയോര ഭാഗങ്ങളിൽ നിന്നും 200 ലിറ്റർ വാഷും മറ്റു ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചിരുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുള്ളതായും കൊരട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുൺ അറിയിച്ചു.