തിരുവനന്തപുരം: സംസ്ഥാനത്ത് ഓണഘോഷ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവീയം വീഥിയിൽ വൈകിട്ട് അഞ്ചിന് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, ആന്‍റണി രാജു, പിഎ മുഹമ്മദ് റിയാസ്, വികെ പ്രശാന്ത് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്ര കാണാൻ വൻ ജനസാഗരമാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്.
കവടിയാർ മുതൽ കിഴക്കേക്കോട്ട വരെയാണ് ഘോഷയാത്ര. സുഗമമായ നടത്തിപ്പിനായി പ്രത്യേക നിരീക്ഷണ സംവിധാനത്തോടുകൂടിയ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ മൂന്ന് മണി മുതലേ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. ഇന്ത്യയുടെയും കേരളത്തിന്‍റെയും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍, വാദ്യഘോഷങ്ങള്‍ എന്നിവയാണ് ഘോഷയാത്രയിലുള്ളത്.
പുറമെ അശ്വാരൂഢ സേന മറ്റ് വിവിധ സേനാവിഭാഗങ്ങള്‍ എന്നിവയുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരന്നു. ആകെ 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളുമാണുള്ളത്. യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലെ വിഐപി പവലിയനിലാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കുന്നത്. വൈകിട്ട് ഏഴിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. സിനിമ താരം ആസിഫ് അലി മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങള്‍ നല്‍കും.