തൃശൂർ : ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത പുലര്‍ത്തി ആരോഗ്യ വകുപ്പ്. സെന്‍റ് മേരീസ് കോളജ് ഹോസ്റ്റലിലെ 54 വിദ്യാർഥിനികൾക്കും 4 ജീവനക്കാർക്കുമാണ് കഴിഞ്ഞ ദിവസം വൈറസ് ബാധയുണ്ടായത്. ഇതോടെ ജില്ലയിലെ മറ്റ് ഹോസ്റ്റലുകളിലും ജാഗ്രതാനിർദേശം നൽകിയതായും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നുമാവാം രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗ വ്യാപനം തടയാൻ ഹോസ്റ്റലിലെ ബാക്കി വിദ്യാർഥികളെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിലേക്ക് പോയ കുട്ടികളുടെ വിവരങ്ങൾ അതാത് ജില്ലകളിലെ ഡിഎംഒമാർക്ക് കൈമാറിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
also read:Kerala Covid Updates : സംസ്ഥാനത്ത് 4350 പേര്‍ക്ക് കൂടി കൊവിഡ്, 19 മരണം
അതേസമയം ഈ മാസം എട്ടാം തിയതി മുതൽ സെന്‍റ് മേരീസ് ഹോസ്റ്റലിലെ വിദ്യാർഥിനികൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇവർ കൂട്ടതോടെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് രോഗവിവരം ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ഇവരുടെ സാംപിളുകൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്.