തൃശൂര്‍: ക്ഷീരസംഘങ്ങളിൽ പാലളക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മിൽമ. ലോക്ക് ഡൗൺ സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ആയിരക്കണക്കിന് ക്ഷീര കർഷകർക്കാണ് മിൽമയുടെ വിജ്ഞാപനം തിരിച്ചടിയായിരിക്കുന്നത്. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മിൽമ ഡിവിഷനാണ് വിജ്ഞാപനം പുറത്തിറക്കിയത്. കർഷകരിൽ നിന്നും നിശ്ചിത അളവിൽ മാത്രം പാൽ സംഭരിച്ചാൽ മതിയെന്നാണ് ഉത്തരവ്.
പാൽ ഉല്‍പാദനം വർധിച്ചതും മിൽമയുടെ പാക്കറ്റ് പാലിന് ആവശ്യക്കാർ കുറഞ്ഞതുമാണ് നിയന്ത്രണങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചായക്കടകളും ഹോട്ടലുകളും അടച്ചതോടെ ഇവിടേക്ക് പാൽ നൽകിയിരുന്ന ചെറുകിട കർഷകർ ക്ഷീരസംഘങ്ങളെയാണ് ആശ്രയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ ഭൂരിഭാഗം വീട്ടുകാരും പാൽ വാങ്ങുന്നത് നിർത്തിയിരുന്നു. ഇതോടെ ഓരോ കർഷകരും നിലവിൽ അളക്കുന്നതിനേക്കാൾ കൂടുതൽ പാൽ സംഘങ്ങളിലേക്ക് എത്തിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് ക്ഷീരസംഘങ്ങളിൽ പാൽ സംഭരണം വർധിച്ചത്.
മറ്റ് പല മേഖലകളിലും ലോക്ക് ഡൗണിന്‍റെ ഭാഗമായി സർക്കാർ സഹായങ്ങൾ ലഭ്യമാക്കിയെങ്കിലും ക്ഷീരകർഷകർക്ക് മാത്രം ഇതുവരെ യാതൊരു സഹായങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് കർഷകർ പറയുന്നു. വേനൽക്കാലത്ത് നൽകിവരുന്ന സബ്‌സിഡിയും ഇത്തവണ എറണാകുളം ഡിവിഷൻ അനുവദിച്ചിട്ടില്ല. എന്നാൽ മിൽമയുടെ മലബാർ ഡിവിഷനിൽ കർഷകർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകികഴിഞ്ഞു. പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സിന്‍റെ കാലിത്തീറ്റയാണ് കൂടുതലായും കർഷകർ ഉപയോഗിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ കേരള ഫീഡ്‌സിന് വിലക്കുറക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ക്ഷീരവികസനവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.