തൃശൂർ: രാഷ്‌ട്രപതിയുടെ ധീരതക്കുള്ള അവാർഡ് ലഭിച്ചതിന്‍റെ ആഹ്‌ളാദത്തിലാണ് ആറാം ക്ലാസുകാരന്‍ നീരജ്. സൈക്കിൾ ചവിട്ടുന്നതിനിടെ കുളത്തിൽ വീണ കൂട്ടുകാരനെ രക്ഷിച്ചതാണ് നീരജിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. തൃശൂർ പറപ്പൂക്കര പോങ്കോത്ര സ്വദേശികളായ കോപ്പുള്ളിപ്പറമ്പിൽ നിത്യാനന്ദ് - ജെസി ദമ്പതികളുടെ മകനാണ് നീരജ്.
കഴിഞ്ഞ ജൂണിലാണ് കുളത്തിൽ വീണ നാലാം ക്ലാസുകാരനായ ഗോപാലകൃഷ്‌ണനെ നീരജ് രക്ഷിച്ചത്. സൈക്കിൾ ചവിട്ടി വന്ന ഗോപാലകൃഷ്‌ണൻ നാലാൾ താഴ്‌ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. കുളക്കരയില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന നീരജ് മുങ്ങി താഴുന്ന ഗോപാലകൃഷ്‌ണനെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
അവാർഡ് നേട്ടത്തിന്‍റെ ആഹ്‌ളാദത്തിലാണ് നീരജിന്‍റെ മാതാപിതാക്കളും നാട്ടുകാരും. നീരജ് ഉൾപ്പടെ എട്ട് പേരാണ് ഇത്തവണത്തെ ധീരതയ്ക്കുള്ള 'ഉത്തം ജീവൻ രക്ഷാപഥക് ' അവാര്‍ഡിന് അര്‍ഹരായത്.