തൃശൂർ: ചിറ്റിലങ്ങാട് കൊല്ലപ്പെട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിന് നെഞ്ചിനും വയറിനുമിടയിൽ ആഴത്തിലുള്ള മുറിവും തലക്ക് പിന്നിൽ മർമ്മ സ്ഥാനത്ത് കനത്ത ആഘാതവുമുണ്ടായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തലുകൾ. ഇന്നലെ ഉച്ചയോടെ തന്നെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചുവെങ്കിലും വൈകിയാണ് പൂർത്തിയായത്. നെഞ്ചിൽ കുത്തിയിറങ്ങിയ കത്തി ഹൃദയഭാഗം തകർത്താണ് കടന്നു പോയിരിക്കുന്നത്.
തലക്ക് പിൻവശത്ത് മർമസ്ഥാനത്ത് ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിലെ കുത്തിൽ തന്നെ സനൂപ് മരിച്ചതായാണ് കണ്ടെത്തൽ. മുറിവുകൾ അബദ്ധമല്ലെന്നും മർമ്മസ്ഥാനങ്ങൾ അറിയാവുന്നവരും കൊലപ്പെടുത്തണമെന്ന് തീർച്ചപ്പെടുത്തിയതുമായ ആക്രമണമായിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം വിലയിരുത്തുന്നത്. സംഭവത്തിലെ നാലുപ്രതികളെക്കുറച്ച് പൊലീസിന് വിവരം ലഭിച്ചെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല.