തൃശൂർ: ആളും ആരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസർകോട് കൊടിയേറിയപ്പോൾ 1957 ലെ ആദ്യ കലോത്സവ ഓർമകൾ പങ്കുവക്കുകയാണ് പ്രശസ്‌ത മൃദംഗ വാദകനായ എ.കെ. രാമചന്ദ്രന്‍ നായര്‍. അക്കാലത്ത് യുവജനോത്സവമെന്ന് അറിയപ്പെട്ടിരുന്ന ആദ്യ കലോത്സവത്തിൽ മൃദംഗ വായനയിൽ ഒന്നാം സ്ഥാനം നേടിയ എ.കെ. രാമചന്ദ്രന്‍ പിന്നീട് ജീവിതത്തിനൊപ്പം കലയെ മുറുകെ പിടിക്കുകയായിരുന്നു. 300 മത്സരാർഥികൾ മാത്രം പങ്കെടുത്ത ആദ്യ കലോത്സവത്തിന് 60 വർഷങ്ങൾക്ക് ശേഷം 12,000 കുട്ടികളും 239 മത്സര ഇനങ്ങളുമായി കലോത്സവം ആഘോഷമാകുമ്പോൾ, പരിമിത സാഹചര്യങ്ങളിൽ കലയ്‌ക്ക് മുൻതൂക്കം നൽകിയിരുന്ന തന്നെ സമ്മാനാർഹനാക്കിയ ആദ്യ കലോത്സവം രാമചന്ദ്രന്‍റെ മനസില്‍ നിറഞ്ഞുനിൽക്കുകയാണ്.
ഐക്യകേരള രൂപീകരണത്തിന് ശേഷമുള്ള 1957 ലെ യുവജനോത്സവത്തിൽ മൃദംഗത്തിൽ വിജയിയായത് ചേര്‍ത്തല സർക്കാർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ എ. കെ. രാമചന്ദ്രനായിരുന്നു. സ്‌കൂൾ ജീവിതത്തിന് ശേഷം എസ്‌ബിഐയില്‍ ഉദ്യോഗസ്ഥനായ രാമചന്ദ്രൻ പിന്നീട് യേശുദാസ് അടക്കമുള്ള പ്രഗത്ഭരായ വ്യക്തികൾക്കൊപ്പം സംഗീത വേദികളിൽ സജീവമായി. മത്സരാർഥിയായും പിന്നീട് സംസ്ഥാന കലോത്സ ഹയർ അപ്പീൽ കമ്മിറ്റി മെമ്പറായും രാമചന്ദ്രൻ സാന്നിധ്യമറിയിച്ചിരുന്നു. കലോത്സവത്തിന് ശേഷം തങ്ങളുടെ ജീവിതത്തിൽ മത്സരാർഥികൾ കലയെ കൂടെ കൂട്ടുന്നില്ലെന്ന ആശങ്കക്കൊപ്പം സമ്മാനം പിടിച്ചുവാങ്ങുന്നതിലല്ല മറിച്ച് അർഹതയുള്ളവർക്ക് ലഭിക്കുകയാണ് വേണ്ടതെന്ന ഉപദേശവും പുതു തലമുറയിലെ മത്സരാർഥികൾക്കായി രാമചന്ദ്രൻ പങ്കുവയ്ക്കുന്നു.
ചേർത്തല ഗോപാലകൃഷ്ണൻ, ചേർത്തല ഗംഗാധരൻ പിള്ള എന്നീ ഗുരുക്കന്മാരുടെ കീഴിൽ പതിമൂന്നാം വയസിൽ മൃദംഗം അഭ്യസിച്ചു തുടങ്ങിയ രാമചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ തുടർച്ചയായി നാല്‍പ്പത്തിയൊന്നാം വർഷമാണ് പങ്കെടുക്കുന്നത്. എഴുപത്തിയേഴാം വയസിലും തന്‍റെ മൃദംഗ വാദന മികവ് സദസ്യർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് രാമചന്ദ്രൻ കലയോടുള്ള തന്റെ അഭിനിവേശം നിലനിർത്തുന്നത്. എം.കെ രാമചന്ദ്രന്റെ മക്കളും അച്ഛന്റെ വഴിതന്നെയാണ് തിരഞ്ഞെടുത്തത്. മക്കളായ മാവേലിക്കര രാജേഷും രാജീവും പ്രശസ്തരായ മൃദംഗ വാദകരാണ്.