തൃശൂര്‍: ക്ഷേത്ര പൂജ പുരുഷന്മാര്‍ മാത്രം ചെയ്യുന്നതുകണ്ട് ശീലിച്ചവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ പൂജാരി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്കെത്തുക പുരുഷ മുഖങ്ങള്‍ മാത്രമായിരിക്കും. ഇതിനൊക്കെ മാറ്റമുണ്ടായേക്കാവുന്ന വാര്‍ത്തയാണ് തൃശൂരില്‍ നിന്നും വരുന്നത്. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ലിംഗ വേർതിരിവുകളെ മറികടന്ന് അമ്മയും മകളും പൂജാകർമങ്ങൾ ചെയ്യുന്നുവെന്നതാണ് അത്.
തൃശൂര്‍ കാട്ടൂർ സ്വദേശിനിയായ ജ്യോത്സ്‌നയും അമ്മ അർച്ചനയുമാണ് വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ ഈ പൂജാരികള്‍. താന്ത്രികവിധികൾ സ്വായത്തമാക്കിയ കേരളത്തിലെ ആദ്യ വനിത തന്ത്രിയെന്ന ചരിത്ര നേട്ടത്തിനുടമയാണ് 24കാരിയായ ജ്യോത്സ്ന. 11 വർഷം മുൻപ് കാട്ടൂർ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ മൂലബിംബ പ്രതിഷ്‌ഠ നടത്തിയാണ് ഈ രംഗത്തേക്കുള്ള ജ്യോത്സ്നയുടെ പ്രവേശനം.
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ നേരത്തേ സ്‌ത്രീകൾ പൂജ ചെയ്യുകയും മാത അമൃതാനന്ദമയി ബ്രഹ്മസ്ഥാന പ്രതിഷ്‌ഠ നടത്തിയിട്ടുമുണ്ട്. എന്നാല്‍, താന്ത്രികവിധികൾ പഠിച്ച് ഒരു പെൺകുട്ടി തന്ത്രിയായത് സംസ്ഥാനത്ത് ആദ്യമാണ്. വേദപഠനത്തിൽ സ്‌ത്രീകൾ അപൂർവമല്ലെങ്കിലും തന്ത്രശാസ്‌ത്രത്തിൽ അപൂർവ ചുവടുവയ്പ്പായിരുന്നു ജ്യോത്സ്‌നയുടേത്.
ജ്യോത്സ്‌ന കുട്ടിക്കാലത്തേ 'പൂജാരി': പൈങ്കണ്ണിക്കാവ് ക്ഷേത്രത്തിലെ തന്ത്രി തരണനെല്ലൂർ പദ്‌മനാഭൻ നമ്പൂതിരിയുടേയും അർച്ചനയുടേയും രണ്ട് മക്കളിൽ മൂത്തയാളാണ് ജ്യോത്സ്ന. ബാല്യകാലത്ത് തന്നെ പൂജാകർമങ്ങളില്‍ ജ്യോത്സ്ന താത്‌പര്യം കാണിച്ചിരുന്നു. ഇതുപിന്നീട് അമ്മ അർച്ചനയിലേക്കും വന്നുചേരുകയായിരുന്നു. നിലവില്‍, കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്ന് സംസ്‌കൃതം വേദാന്തത്തില്‍ രണ്ടാംറാങ്ക് നേടിയിട്ടുണ്ട്.
പുറമെ, കാഞ്ചീവരം ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയ സർവകലാശാലയിൽ നിന്നും സാഹിത്യത്തിൽ ഒന്നാം റാങ്കും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ മദ്രാസ് സർവകലാശാലയിൽ സംസ്‌കൃത വേദാന്തത്തിൽ ബിരുദാനന്തര ബിരുദ പഠനത്തിലാണ് ജ്യോത്സ്ന. താന്ത്രിക കാര്യങ്ങളിൽ കൂടുതൽ അറിവുനേടുന്നതോടൊപ്പം വേദാന്തത്തിൽ പിഎച്ച്ഡി എടുക്കാനാണ് ജ്യോത്സ്നയുടെ ആഗ്രഹം. അനുജൻ ശ്രീശങ്കരൻ തന്ത്രശാസ്‌ത്രത്തിൽ ഉപരിപഠനം നടത്തുകയാണ്.