തൃശൂർ : കാണാതായി അഞ്ച് മാസത്തിന് ശേഷം വിദ്യാര്‍ഥിയെ ആൾതാമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചേറ്റുവ ചാണാശേരി സനോജ് - ശിൽപ ദമ്പതികളുടെ മകൻ 17 വയസുള്ള അമൽകൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തളിക്കുളം ഹൈസ്ക്കൂൾ ഗ്രൗണ്ടിന് വടക്കുഭാഗത്ത് ദേശീയപാതയോരത്തെ വീടിനകത്തായിരുന്നു മൃതദേഹം. ഓഗസ്റ്റ് 14 നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്‌ചയാണ് മൃതദേഹം സ്ഥിരീകരിച്ചത്.
ഏങ്ങണ്ടിയൂർ സെന്‍റ് തോമസ് ഹയർസെക്കന്‍ഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ അമൽകൃഷ്‌ണ, പാവറട്ടി സെന്‍റ് ജോസഫ് സ്‌കൂളിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കനായ വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.
പേടിഎം വഴി 10,000 രൂപ കൈമാറ്റം ചെയ്‌തു
അമ്മയോടൊപ്പം വാടാനപ്പള്ളിയിലുള്ള ബാങ്കിൽ പോയപ്പോഴായിരുന്നു തിരോധാനം. സ്ഥാപനത്തിന് പുറത്ത് നിർത്തി, ബാങ്കില്‍ പ്രവേശിച്ച ശില്‍പ 15 മിനിട്ടിനുശേഷം തിരികെയെത്തി നോക്കുമ്പോള്‍ മകനുണ്ടായിരുന്നില്ല. സമീപത്തെ ജ്വല്ലറിയിലെ സി.സി.ടിവിയിൽ വിദ്യാര്‍ഥി ഇടവഴിയിലൂടെ തൃശൂർ റോഡിലേക്ക് പോകുന്നത് കണ്ടെത്തിയിരുന്നു.
രാത്രിയോടെ തൃപ്രയാറിൽ വച്ച് അമലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫായി. വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൗണ്ടിലുള 12500 രൂപയിൽ 10,000 രൂപ പേടിഎം മുഖേന കൈമാറിയതായി രക്ഷിതാക്കൾ കണ്ടെത്തിയിരുന്നു.
ഓൺലൈൻ ഗെയിമിനുവേണ്ടിയാണ് ഇതുപയോഗിച്ചതെന്നാണ് സംശയം. വാടാനപ്പള്ളി പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, റൂറൽ എസ്.പി, ജില്ല കലക്ടർ, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നൽകി കാത്തിരിക്കുകയായിരുന്നു കുടുംബം.
ALSO READ: കോണ്‍ഗ്രസില്‍ വീണ്ടും രാജി : കെപിസിസി ജനറല്‍സെക്രട്ടറി ജി.രതികുമാര്‍ സിപിഎമ്മില്‍