തൃശൂർ: തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിൽ മൈഗ്രേഷൻ പോളിസിയുടെ ഭാഗമായി പഠിക്കാനെത്തിയ വിദ്യാർഥികളെ രാജസ്ഥാനിലെ ടോങ്കിലേക്ക് യാത്രയാക്കി. ലോക്ക് ഡൗൺ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ രാജസ്ഥാൻ സർക്കാരും കേരള സർക്കാരും പ്രത്യേക ഇടപെടലുകൾ നടത്തിയതിൻ്റെ ഫലമായാണ് യാത്ര സഫലമായത്.
വർഷംതോറും രാജസ്ഥാനിലെ ടോങ്കിലേക്കും അവിടെനിന്ന് തൃശൂരിലെ മായന്നൂരിലേക്കും ദേശീയോദ്‌ഗ്രഥന പ്രോത്സാഹനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ പഠനത്തിനെത്താറുണ്ട്. മാർച്ച് 21ന് ടോങ്കിലെ ജവഹർ നവോദയ വിദ്യാലയത്തിൽനിന്ന് 25 മലയാളി വിദ്യാർഥികളെ എത്തിച്ചിരുന്നു. അതിനുശേഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവിടെനിന്നുള്ള 23 പേരുടെ യാത്ര നീളുകയായിരുന്നു. 15 ആൺകുട്ടികളെയും എട്ട് പെൺകുട്ടികളെയുമാണ് തൃശൂരിൽ നിന്നും ടോങ്കിലേക്ക് യാത്രയാക്കിയത്.
ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ ഇടപെടലിനുശേഷം യാത്രാ പാസിന് രാജസ്ഥാൻ എ.ഡി.ജി.പി.യെ നിയോഗിക്കുകയായിരുന്നു. തുടർന്ന് തൃശൂർ ജില്ലാ ഭരണകൂടവുമായി ഇടപെട്ട് രണ്ടുദിവസത്തിനുള്ളിൽ പാസ് അനുവദിച്ചു. യാത്രക്കുള്ള ബസ് എത്തിച്ചത് രാജസ്ഥാൻ സർക്കാരാണ്. ട്രെയിന്‍ സർവീസ് ഇല്ലാത്തതിനാൽ പ്രത്യേക ലക്ഷ്വറി ബസിലാണ് യാത്ര.
നവോദയ വിദ്യാലയത്തിൽ മന്ത്രി എസി മൊയ്തീൻ്റെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എസ് ഷാനവാസ് ബസ് ഫളാഗ് ഓഫ് ചെയ്തു. യു.ആർ പ്രദീപ് എംഎൽ എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പത്മകുമാർ, നവോദയ പ്രിൻസിപ്പൽ വി.ബി സുധ, മറ്റ് അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ കുട്ടികളെ യാത്ര അയക്കാന്‍ എത്തി.