തൃശൂർ: അതിഥി തൊഴിലാളികളുമായി തൃശൂരിൽ നിന്നുള്ള ആദ്യ ട്രെയിൻ യാത്രയായി. വൈകിട്ട് അഞ്ച് പത്തിന് തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബിഹാറിലെ ദർഭംഗയിലേക്കുള്ള നോൺ സ്റ്റോപ്പ് ട്രെയിനിൽ 1143 തൊഴിലാളികൾ ഉണ്ടായിരുന്നു.
ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പൊലീസും തൊഴിൽ വകുപ്പും തദ്ദേശ വകുപ്പും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി. രാവിലെ തന്നെ അതാത് ക്യാമ്പുകളിൽ ആവശ്യമായ പരിശോധനാ നടപടികൾ പൂർത്തിയാക്കിയിരുന്നു. കെഎസ്ആർടിസി ബസുകളിലാണ് ഇവരെ ക്യാമ്പുകളിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. പൊലീസിൻ്റെ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് തൊഴിലാളികളെ റയിൽവേ സ്റ്റേഷനിലെത്തിച്ചത്. ദിവാൻജി മൂലയിലുള്ള റെയിൽവേ സ്റ്റേഷൻ്റെ പ്രധാന കവാടത്തിനപ്പുറത്തേക്ക് മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചീഫ് വിപ്പ് കെ രാജൻ, മന്ത്രി എസി മൊയ്‌തീൻ, ഡിഐജി എസ് സുരേന്ദ്രൻ, കമ്മീഷണർ ആർ ആദിത്യ, ജില്ലാ കലക്ടർ എസ് ഷാനവാസ് തുടങ്ങിയവർ തൊഴിലാളികളെ യാത്രയാക്കാൻ സ്ഥലത്തെത്തിയിരുന്നു. തൊഴിൽ വകുപ്പിൻ്റെ കണക്കനുസരിച്ച് ബിഹാറിൽ നിന്നുള്ള 3398 തൊഴിലാളികളാണ് തൃശൂർ ജില്ലയിൽ ഉള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ തൃശൂരിൽ നിന്നും തൊഴിലാളികൾക്കായി ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.