തൃശൂർ : കൊവിഡ് രോഗികൾക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. തൃശൂർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
നിലവിൽ 126 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ ഗവ. മെഡിക്കൽ കോളജ് നെഞ്ചുരോഗ ആശുപത്രിയിലെ സി ബ്ലോക്കിൽ 150 കിടക്കകൾ കൊവിഡ് രോഗികൾക്ക് മാത്രമായി സജ്ജീകരിക്കാനാണ് ആരോഗ്യ വകുപ്പ് പദ്ധതിയിട്ടത്. മെഡിക്കൽ കോളജ് കൊവിഡ് ബ്ലോക്കിൽ നിലവിൽ 177 കിടക്കകളാണുള്ളത്. ഇതിനു പുറമെയാണ് നെഞ്ചുരോഗ ആശുപത്രിയിൽ പുതിയ സൗകര്യങ്ങളൊരുക്കുന്നത്.
മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എം എ ആൻഡ്രൂസിന്‍റെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ബോർഡിന്‍റേതാണ് തീരുമാനം. കൂടുതൽ രോഗികൾ വരുകയാണെങ്കിൽ വാർഡ് 3, 9, 13 എന്നിവ നവീകരിക്കുവാൻ അടിയന്തരമായി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകും. ഈ വാർഡുകളിലെ ഡെന്റൽ കോളജിന്‍റെ അനുബന്ധ സാമഗ്രികൾ നീക്കം ചെയ്യാൻ നെഞ്ച് രോഗ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷയരോഗികൾക്കുള്ള കിടത്തി ചികിത്സ കിടക്കകൾ ഇതിന്‍റെ ഭാഗമായി പുനക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.