തൃശൂർ : യുക്രൈനിൽ നിന്ന് വിദ്യാർഥികൾ ഉൾപ്പടെ 18,000ത്തോളം ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശകാര്യ മന്ത്രാലയം നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് കേന്ദ്രം കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനിലെ വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ബദൽ മാർഗങ്ങൾ ക്രമീകരിക്കുകയാണെന്ന് കീവിലെ ഇന്ത്യൻ എംബസി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. വ്യോമപാത അടച്ചതിനെ തുടർന്ന് യുക്രൈനിൽ നിന്നുള്ള സ്‌പെഷ്യൽ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും ഭയചകിതരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തും.
ഇന്ത്യൻ എംബസിയിലേക്ക് കൂടുതൽ നയതന്ത്രജ്ഞരെ അയക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. യുക്രൈനിലുള്ള മലയാളി വിദ്യാർഥികളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തെക്കൻ യുക്രൈനിലുള്ള വിദ്യാർഥികൾക്ക് ആവശ്യ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം.
ഇറാഖിൽ നിന്ന് പോലും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടുണ്ട്. കൂടുതൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്നും കൂടുതൽ ടെലഫോൺ നമ്പറുകൾ പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.