തൃശൂർ: കരുവന്നൂർ വിഷയം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. നിക്ഷേപകർക്ക് പണം എന്ന് തിരിച്ച് നൽകുമെന്ന് പ്രഖ്യാപിക്കാൻ പിണറായി സർക്കാർ തയാറാകണമെന്നും വി.ഡി സതീശൻ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിൻ്റെ നേത്യത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഓഫിസിലേക്ക് നടത്തിയ ബഹുജനമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ASLO READ: 'മോൻസണ്‍ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു' ; ഇരയുടെ മൊഴി പുറത്ത്
ബാങ്കിൽ നടന്ന കൊള്ളയെക്കുറിച്ച് വ്യക്തമായി മനസിലാക്കിയിട്ടും ഇതിന് കൂട്ടു നിന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തയാറാകണം. മുഴുവൻ ഭരണസമിതി അംഗങ്ങളെയും ഇതു വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നത് സിപിഎം നേതാക്കൾ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്‍റ് ജോസ് വളളൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൻ മുഖ്യപ്രഭാഷണം നടത്തി. മാപ്രാണം കുരിശ് ജങ്‌ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ബാരിക്കേഡുകൾ വച്ച് പൊലീസ് തടഞ്ഞു. ഇരിങ്ങാലക്കുട, മാള, അന്തിക്കാട്, ആളൂർ, കാട്ടൂർ സ്റ്റേഷനുകളിൽ നിന്നായി വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.