വത്തിക്കാന്‍ സിറ്റി: തിരുകുടുംബ സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി വിശുദ്ധ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. മറിയം ത്രേസ്യയടക്കം അഞ്ച് പേരെയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്. സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വാഴ്ത്തപ്പെട്ടവരുടെ ജീവിത ചരിത്രം വിവിധ ഭാഷകളില്‍ വായിച്ച ശേഷം ലത്തീന്‍ ഭാഷയിലാണ് മാര്‍പാപ്പ വിശുദ്ധ പ്രഖ്യാപനം നടത്തിയത്. ഇത് കേരളസഭയുടെയും ഭാരതസഭയുടെയും അഭിമാന മുഹൂര്‍ത്തം കൂടിയായി. ഈ ചരിത്രമുഹൂര്‍ത്തം നെഞ്ചിലേറ്റി തൃശൂര്‍ മാള കുഴിക്കാട്ടുശേരിയിലെ കബറിടത്തിലും പുത്തന്‍ചിറയിലും പ്രാര്‍ത്ഥനയോടെ വിശ്വാസസമൂഹം വിശുദ്ധ പദവിയെ വരവേറ്റു. ചടങ്ങില്‍ ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികത്വം വഹിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ വത്തിക്കാനിലെ ചടങ്ങില്‍ സാക്ഷികളായി.
മദര്‍ മറിയം ത്രേസ്യക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെൻറി ന്യൂമാന്‍, ഇറ്റാലിയന്‍ സന്ന്യാസ സഭാംഗം ജുസപ്പീന വന്നീനി, ബ്രസീലീയന്‍ സന്ന്യാസ സഭാംഗം ദുള്‍ചെ ലോപസ് പോന്തസ്, സ്വിറ്റ്സര്‍ലന്‍റിലെ സന്ന്യാസി സഭാംഗം മാര്‍ഗരീത്ത ബെയ് എന്നിവരും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കം ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തി ചടങ്ങുകള്‍ക്ക് സാക്ഷിയായി. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് നയിച്ചത്. വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളും കര്‍ദിനാള്‍മാരും മെത്രാന്‍മാരും വിശ്വാസി സമൂഹവുമടക്കം ജനസാഗരമാണ് ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ എത്തിയത്.
ഇതോടെ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തില്‍ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. അല്‍ഫോണ്‍സാമ്മയാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധ. മദര്‍ തെരേസ, ചാവറയച്ചന്‍, എവുപ്രാസമ്മ്യ എന്നിവരാണ് ഇതിന് മുമ്പ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.