തൃശ്ശൂർ: സഭയ്‌ക്ക് കക്ഷിരാഷ്ട്രീയ താത്‌പര്യങ്ങളില്ലെന്ന് തൃശ്ശൂർ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും, മതങ്ങളുമായും നല്ല അടുപ്പവും സ്നേഹവുമാണ്. രാഷ്ട്രനിർമാണത്തിനായി ഭരിക്കുന്ന സർക്കാരിനൊപ്പം യോജിച്ച് പ്രവർത്തിക്കുമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
കുർബാന ഏകീകരണം സിനഡ് തീരുമാനമാണെന്നും മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് പ്രവർത്തിക്കാൻ മാത്രമേ തനിക്ക് കഴിയുള്ളൂവെന്നും മാർ താഴത്ത് പറഞ്ഞു. ഇക്കാര്യത്തിൽ ചില വിഭാഗീയ ചിന്തകളുള്ളവരുണ്ട്. അതെല്ലാം പരിഹരിക്കപ്പെട്ട് ഒന്നിച്ചു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സഭക്ക് കക്ഷിരാഷ്ട്രീയ താത്‌പര്യങ്ങളില്ല. എല്ലാ രാഷ്ട്രീയപാർട്ടികളുമായും മതങ്ങളുമായും നല്ല അടുപ്പവും സ്നേഹവുമാണ്. രാഷ്ട്രനിർമാണത്തിൽ സർക്കാരിനൊപ്പം യോജിച്ചു പ്രവർത്തിക്കുകയെന്നതാണ് സഭ അനുവർത്തിക്കുന്ന രീതി. സഭ മുന്നോട്ട് വയ്‌ക്കുന്ന വിദ്യാഭ്യാസം, ആതുര സേവനം, സാമൂഹ്യ പ്രവർത്തനം എന്നിവയ്ക്ക് കൂടുതല്‍ ഊന്നൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിബിസിഐ പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെട്ടതിന്‍റെ ഭാഗമായി തൃശ്ശൂര്‍ അതിരൂപത ആസ്ഥാനത്ത് ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ (11.11.2022) രാത്രി ഒൻപതരയോടെയാണ് മാർ താഴത്ത് തൃശ്ശൂര്‍ അതിരൂപത ആസ്ഥാനത്ത് എത്തിയത്. മെത്രാന്‍മാരായ മാർ ജേക്കബ് തൂങ്കുഴി, മാർ ടോണി നീലങ്കാവില്‍, മന്ത്രി കെ രാജൻ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അതിരൂപത ആസ്ഥാനത്ത് എത്തിയിരുന്നു.