തൃശൂർ: മത്സരം കനക്കുകയാണ് മണലൂരില്‍. സീറ്റ് നിലനിർത്താൻ എൽഡിഎഫും പാരമ്പര്യ സീറ്റ് പിടിച്ചെടുക്കാൻ യുഡിഎഫും വീറോടെ കളത്തിലുണ്ട്. എല്‍ഡിഎഫ് പക്ഷത്ത് മുരളി പെരുനെല്ലിയും യുഡിഎഫിനുവേണ്ടി വിജയ് ഹരിയും എന്‍ഡിഎ സ്ഥാനാര്‍ഥിയായി എഎന്‍ രാധാകൃഷ്ണനുമാണ് മാറ്റുരക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ആധിപത്യം തകര്‍ത്ത് ഇടതുപക്ഷം പിടിച്ചെടുത്ത മണ്ഡലമാണ് മണലൂര്‍. 1957ന് ശേഷം മൂന്ന് തവണ മാത്രമാണ് ഇടതുമുന്നണി ജയിച്ചത്. നിലവിലെ എംഎല്‍എ മുരളി പെരുനെല്ലിയാണ് 2006 ല്‍ മണലൂരിനെ ഇടതുചേരിയിലെത്തിച്ചത്. കോണ്‍ഗ്രസിന്‍റെ എംകെ പോള്‍സണെ പരാജയപ്പെടുത്തിയായിരുന്നു സിപിഎം സ്ഥാനാര്‍ഥിയുടെ ചരിത്ര വിജയം. വെറും 481 വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2011ല്‍ പിഎ മാധവനിലൂടെ കോണ്‍ഗ്രസ് മണലൂർ തിരിച്ചു പിടിച്ചു. മുരളി പിടിച്ച സീറ്റ് നിലനിര്‍ത്താൻ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബേബി ജോണിനായില്ല. 2016ല്‍ മുരളി പെരുനെല്ലിക്ക് വീണ്ടും സീറ്റ് നല്‍കിയ ഇടതുമുന്നണി, മണ്ഡലം കൈക്കലാക്കി. 19,325 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി ഒ അബ്‌ദുറഹ്മാനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും സഭയിലെത്തിയത്. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി നേതാവ് എഎൻ രാധാകൃഷ്‌ണൻ തന്നെയാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ എൻഡിഎക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് മണലൂരിലായിരുന്നു. എഎന്‍ രാധാകൃഷ്ണന്‍ 37,680 വോട്ട് നേടി.
1957ലെ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരിയായിരുന്നു മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി. 1960ൽ ജോസഫ് മുണ്ടശേരി വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുറൂര്‍ നീലകണ്‌ഠൻ നമ്പൂതിരിപ്പാടിനോട് പരാജയപ്പെട്ടു. പിന്നീടിങ്ങോട്ട് കുറേക്കാലം മണ്ഡലത്തില്‍ ജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു.1965 ല്‍ ഐഎം വേലായുധൻ തെരഞ്ഞെടുക്കപ്പെട്ടു. 1967,1970,1977 വർഷങ്ങളിൽ എൻഐ ദേവസിക്കുട്ടി തുടര്‍ ജയങ്ങളും നേടി. 1980 ല്‍ ദേവസിക്കുട്ടിയെ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥി വി.എം സുധീരൻ പരാജയപ്പെടുത്തി. 82ല്‍ വി.എം സുധീരൻ കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. ആ വിജയം 87, 91 തെരഞ്ഞെടുപ്പുകളിലും വി.എം സുധീരൻ ആവര്‍ത്തിച്ചു. 1996ല്‍ യുഡിഎഫിലെ റോസമ്മ ചാക്കോയും മണ്ഡലത്തെ പ്രതിനിധീകരിച്ചു.