തൃശൂര്‍: കാഴ്‌ച ബംഗ്ലാവ് കാണാനെത്തിയവരുടെ കാറിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ മോഷ്‌ടിച്ച ഓട്ടോറിക്ഷ ഡ്രൈവറെ ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. കേച്ചേരി ചിറനെല്ലൂർ അമ്മണത്ത് വീട്ടിൽ റഷീദിനെയാണ് ഇൻസ്പെക്‌ടർ പി ലാൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഫെബ്രുവരി 5നായിരുന്നു കേസിനാസ്‌പദമായ സംഭവം.
മലപ്പുറം തിരുനാവായ സ്വദേശികളായ കുടുംബം ചെമ്പൂകാവ് റോഡരികിൽ വാഹനം പാർക്കുചെയ്‌ത് മൃഗശാല സന്ദർശിക്കുന്നതിനായി പോയിരുന്നു. ഈ സമയം അതുവഴി ഓട്ടോറിക്ഷ ഓടിച്ചുപോയ പ്രതി വാഹനത്തിന്‍റെ ചില്ലിലൂടെ നോക്കിയപ്പോൾ ബാഗ് ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് ഓട്ടോറിക്ഷ നിർത്തുകയും വാഹനത്തിന്‍റെ ഡോര്‍ ബലമായി തുറന്ന് ബാഗ് മോഷ്‌ടിക്കുകയും ആയിരുന്നു.
മൃഗശാല കണ്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സ്വർണം നഷ്‌ടപ്പെട്ട വിവരം കുടംബം അറിയുന്നത്. വീട്ടിലും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തൃശൂരിലേക്കുള്ള യാത്രയിൽ എവിടെയെങ്കിലും നഷ്‌ടപ്പെട്ടതായിരിക്കാം എന്നു കരുതി രണ്ടാഴ്‌ച കഴിഞ്ഞാണ് ഇവർ പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിൽ സമീപത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.
സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ഓട്ടോറിക്ഷയെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് റഷീദിനെ പിടികൂടാന്‍ കഴിഞ്ഞത്. മോഷണ ശേഷം സ്വർണാഭരണങ്ങൾ മൂന്നു സ്ഥലങ്ങളിലായി വിറ്റ് ലഭിച്ച പണം മുഴുവനും ചീട്ടുകളിക്കുന്നതിനായാണ് ഇയാള്‍ ചെലവഴിച്ചത്. പ്രതിയുമായി പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ സ്വർണവും കണ്ടെടുത്തു.
സബ് ഇൻസ്പെക്‌ടർ ജോർജ് മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ ഭരതനുണ്ണി, പി ഹരീഷ് കുമാർ, വി ബി ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.