തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂജന്‍ "ഥാര്‍" എസ്.യു.വി നല്‍കി കമ്പനി. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ് നടക്കുന്നത്. കാണിക്ക നല്‍കുക വഴി കമ്പനി പരസ്യം നല്‍കാതെ ട്രോളിലൂടെ വാഹനം ജനങ്ങളിലെത്തിച്ചു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതിനിടെ ഇന്ധനവില കുതിച്ചുയരുന്ന കാലത്ത് ഥര്‍ എടുത്ത് കറങ്ങാന്‍ ഗുരുവായൂരപ്പന് കഴിയില്ലെന്നും ട്രോളര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് വാര്‍ത്തയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നത്.
Also Read: 600 ഡീസൽ കാറുകൾ തിരിച്ചു വിളിക്കാൻ ഒരുങ്ങി മഹീന്ദ്ര
കഴിഞ്ഞ ദിവസമാണ് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്രാ ആന്‍റ് മഹീന്ദ്രാ ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ള വാഹനമാണിതെന്ന് കമ്പനി അറിയിച്ചു. ചുവന്ന ഡീസൽ ഓപ്ഷന്‍ വാഹനത്തിന്‍റെ എൻജിൻ 2200 സി.സി.യാണ്. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ കമ്പനി ചീഫ് ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്‍റ് ശ്രീ.ആർ. വേലുസ്വാമി വാഹനത്തിന്‍റെ താക്കോൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസിന് കൈമാറി.