തൃശ്ശൂര്‍: അപൂര്‍വമായി മാത്രം പൂവിടുന്ന ആയിരം ഇതളുള്ള താമരയായ സഹസ്രദള പത്മം ഇരിങ്ങാലക്കുടയില്‍ വിരിഞ്ഞു. ഇരിങ്ങാലക്കുട ചേലൂര്‍ കെഎസ് പാര്‍ക്കിന് സമീപമുള്ള ഷിനി ഭാഗ്യരാജിന്‍റെ വീട്ടിലാണ് മൂന്ന് സഹസ്രദളപത്മം ഒരുമിച്ചു വിരിഞ്ഞത്. കൂടാതെ അഞ്ചോളം മൊട്ടുകള്‍ ഇനിയും വിരിയാനായി നില്‍ക്കുന്നുമുണ്ട്.
മൂന്നിനം സഹസ്രദളപത്മങ്ങളാണ് സാധാരണയായി കേരളത്തില്‍ കണ്ടു വരുന്നത്. ഇതില്‍ അള്‍മേറ്റ് തൗസൻഡ് പെറ്റല്‍സ് എന്ന ഇനത്തില്‍ പെട്ട താമരയാണ് ഷിനിയുടെ തോട്ടത്തില്‍ പൂവിട്ടിരിക്കുന്നത്. ഇത് കൂടാതെ മറ്റൊരു വിഭാഗമായ ഷോങ്ങ് ദാന്‍ ഹോങ്ങ് തായ് എന്ന വിഭാഗത്തിലുള്ള ആയിരം ഇതളുള്ള താമരയും മൊട്ടിട്ട് കഴിഞ്ഞു. പൂമൊട്ട് വന്ന് പതിനഞ്ചാം ദിവസം പൂവിരിയും. വിരിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ ഇതളുകള്‍ കൊഴിഞ്ഞു തുടങ്ങും.
അനുകൂല സാഹചര്യവും മികച്ച പരിപാലനവുമുണ്ടെങ്കില്‍ ഒരു പൂവില്‍ 800 മുതല്‍ 1600 വരെ ഇതളുകള്‍ ഉണ്ടാകും. താമരയുടെ പരിചരണം അധികം ബുദ്ധിമുട്ടേറിയതല്ലെങ്കിലും നന്നായി ശ്രദ്ധിക്കണം. ഒച്ചാണ് പ്രധാന ശത്രു. ഉണക്കിയ ചാണകപ്പൊടിയാണ് വളമായി ചേര്‍ക്കുന്നത്. അതിനു മുകളിലായി സാധാരണ മണലും ഇടണം.
ട്യൂബര്‍ നടുന്ന തൈകളിലാണ് പെട്ടെന്ന് പൂവുണ്ടായത്. ട്യൂബര്‍ നട്ടു ഏകദേശം രണ്ട് മാസത്തിനുള്ളില്‍ പൂവിരിയും. 50 ഓളം ഇനം താമരയും അത്രയും തന്നെ ഇനത്തിലുള്ള ആമ്പലുകളും ഷിനിയുടെ തോട്ടത്തിലുണ്ട്.
Also Read: തൊടിയിലും താമരക്കൃഷി; 40 ഇനം ഹൈബ്രിഡ് താമരകൾ കൃഷി ചെയ്‌ത് പ്രവിത