തൃശൂര്‍ : കുതിരാനില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. രണ്ടാം തുരങ്കം ഉടൻ ഗതാഗതത്തിന് സജ്ജമാക്കുന്നതിന്‍റെ ഭാഗമായി ഒന്നാം തുരങ്കത്തിലൂടെ തൃശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കൂടി കടത്തിവിട്ടാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. നേരത്തെ പാലക്കാട് നിന്നുള്ള വാഹനങ്ങളെ മാത്രമാണ് ഒന്നാം തുരങ്കത്തിലൂടെ കടത്തിവിട്ടിരുന്നത്.
ALSO READ: Adoption Row : അനുപമയുടെ പിതാവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി
തൃശൂർ ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്കുള്ള സാമാന്തര പാത അടച്ചു. എന്തെങ്കിലും തടസങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനാണ് ട്രയല്‍റണ്‍ നടത്തുന്നത്. ട്രയൽ റൺ വിജയമായാലും മൂന്ന് ദിവസത്തിന് ശേഷമേ സമാന്തര പാതയിലെ നിർമാണ ജോലികൾ ആരംഭിക്കൂ.
വഴുക്കുംപാറ മുതൽ റോഡിന് നടുവിലും തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. വേഗ നിയന്ത്രണത്തിനുള്ള ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിവെെഡറുകളും ട്രാഫിക് സിഗ്നൽ ബോർഡുകളും സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി.
ട്രയൽ റണ്ണിന്‍റെ ഭാഗമായുള്ള നിർദേശങ്ങൾ തൃശൂർ സിറ്റി പൊലീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.