തൃശൂർ: തൃശൂർ -പാലക്കാട് ദേശീയ പാതയിലെ കുതിരാനിലുണ്ടായ വാഹനാപകടത്തെ തുടർന്ന് രണ്ട് ജില്ലകൾക്കിടയിലെ ഗതാഗതം സ്‌തംഭിച്ചു. ആറ് കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടതോടെ പ്രദേശ വാസികളും ദുരിതത്തിലായി. മണ്ണുത്തി വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാല് ചരക്കുലോറികൾ കൂട്ടിയിടിച്ചാണ് രാത്രി പന്ത്രണ്ടരയോടെ അപകടം ഉണ്ടായത്.
ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം. രണ്ട് ലോറികൾ വഴിയരികിലേക്ക് മറിഞ്ഞുവീണു. ഒരു ലോറി റോഡിന് കുറുകെയും മറ്റൊരു ലോറി പുതിയ തുരങ്കത്തിലേക്കുളള റോഡ് നിർമിച്ചതിന്‍റെ മുപ്പതടി താഴ്‌ചയിലേക്കും മറിഞ്ഞു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.
പത്ത് മണിക്കൂർ വാഹനങ്ങൾക്ക് അനങ്ങാനായില്ല. തുടർന്ന് ആറ് കിലോമീറ്ററോളമാണ് വാഹന നിര നീണ്ടത്. പ്രദേശവാസികൾക്ക് ദൈനം ദിന ആവശ്യങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതായി. പൊതുഗതാഗത സംവിധാനങ്ങളും സ്വകാര്യ വാഹനങ്ങളും അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങളും ഉൾപ്പെടെ കുരുക്കിൽപെടുകയായിരുന്നു.
ചരക്ക് നീക്കം നിലച്ചതും യാത്ര തടസപ്പെടുന്നതും ജന ജീവിതത്തെ സാരമായി ബാധിച്ചു. പാലക്കാട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ വാണിയമ്പാറയിൽ നിന്നും വടക്കാഞ്ചേരിയിലേക്ക് തിരിച്ചു വിട്ടതിനാൽ വാഹനത്തിരക്ക് ഒരു വശത്ത് കുറയ്ക്കാനായിട്ടുണ്ട്. കുതിരാനിൽ ഇന്നലെയും ഗതാഗതം തടസപ്പെട്ടിരുന്നു. റോഡിലെ അഗാധമായ കുഴികളിൽ വാഹനാപകടങ്ങൾ പതിവായിരിക്കുകയാണ്. അപകടം പ്രദേശത്തെ തടസം നീക്കി യാത്ര പുനഃരാരംഭിക്കാൻ ശ്രമം തുടരുകയാണ്.