തൃശ്ശൂര്‍: തൃശ്ശൂരിന്‍റെ രുചി വൈവിധ്യങ്ങളിൽ എഴുതി ചേർത്ത പേരാണ് സ്വരാജ് റൗണ്ടിലെ തൃശ്ശിവപേരൂർ വനിതാ ഫുഡ് കോർട്ട്. നിരവധി അംഗീകാരങ്ങൾ നേടിയ ഈ കുടുംബശ്രീ വനിതാ സംരംഭം ഈ ലോക്ക് ഡൗൺ കാലത്ത് ഭക്ഷണം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ്. ഇതിനായി ''അന്നശ്രീ'' എന്ന പേരിൽ ആൻഡ്രോയ്‌ഡ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കുടുംബശ്രീ.
തൃശ്ശൂര്‍ നഗര പരിധിയിലെ മൂന്ന് വിമൻസ് ഫുഡ്കോർട്ടുകളിൽ നിന്നും അടാട്ട് പഞ്ചായത്തിലെ വിമൻസ് ഫുഡ് കോർട്ട്, മെഡിക്കൽ കോളജ് കഫെ കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നുമാണ് കുടുംബശ്രീയുടെ കൈപ്പുണ്യം ആദ്യഘട്ടത്തില്‍ വീട്ടിലെത്തുക. 40 രൂപയ്ക്ക് ഉച്ചയൂണ്, 70 രൂപയ്ക്ക് മിനി സദ്യ, കോംബോ മീൽസ്, മറ്റ് പ്രാദേശിക രുചികൾ എന്നിവ ഓൺലൈനിലൂടെ ലഭിക്കും. കൊവിഡ് പ്രതിരോധിക്കാനാവശ്യമായ ആരോഗ്യകരമായ ഭക്ഷണരീതി പ്രചരിപ്പിക്കുകയാണ് ആപ്പിന്‍റെ ലക്ഷ്യം. ഇതിനായി കുടുംബശ്രീ സംരംഭകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഓർഡർ ചെയ്യുന്ന ഭക്ഷണം ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളിൽ പ്രത്യേക പരിശീലനം നേടിയ വനിതകളുണ്ട്.
കുടുംബശ്രീ ജില്ലാ മിഷന്‍റെ കീഴിലുള്ള യുവശ്രീ സംരംഭവും പരിശീലന സ്ഥാപനവുമായ ഐഫ്രവുമാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിതരണം, പാക്കിങ്, ഗുണമേന്മ ഉറപ്പു വരുത്തൽ, നിരന്തരമായ പരിശീലനം തുടങ്ങി വിവിധ തൊഴിൽ സാധ്യതകളും ഇതുവഴി ഉറപ്പുവരുത്തുന്നു. സാധാരണക്കാരായ സംരംഭകരുടെ ഉപജീവനം മെച്ചപ്പെടുത്തുകയും പ്രാദേശിക സാമ്പത്തിക വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ആപ്പിന്‍റെ ലക്ഷ്യം. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിന് പുറമേ കുടുംബശ്രീയുടെ മറ്റു ചെറുകിട സംരംഭകർ തയ്യാറാക്കുന്ന വിവിധതരം അച്ചാറുകൾ, കറി പൗഡറുകൾ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ എന്നിവയും ആപ്പിലൂടെ ലഭ്യമാകും.