തൃശൂർ: കൊവിഡ് വ്യാപനത്തിനിടയിലും തൃശൂരിൽ സിപിഎം ജില്ല സമ്മേളനത്തിന് അനുമതി നൽകിയ കലക്‌ടറുടെ നടപടിയിൽ പ്രതിഷേധിച്ച് കലക്‌ടറേറ്റിന് മുന്നിൽ കെഎസ്‌യുവിന്‍റെ പ്രതിഷേധ തിരുവാതിര. കെഎസ്‌യു തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സെറ്റ് ഉടുത്ത് കഴുത്തിൽ മാലയിട്ട് മങ്കമാരായി ഒരുങ്ങിയാണ് കെഎസ്‌യു പ്രവർത്തകർ കലക്‌ടറേറ്റിന് മുന്നിൽ തിരുവാതിര കളിച്ചത്.
ഭരണഘടന സ്ഥാപനങ്ങളെ സിപിഎം തങ്ങൾക്കനുകൂലമായി രാഷ്ട്രീയവത്കരിക്കുകയാണെന്നും തൃശൂർ കലക്‌ടർ എകെജി സെൻ്ററിൽ നിന്നുള്ള ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നും പ്രതിഷേധ തിരുവാതിര ഉദ്ഘാടനം ചെയ്‌തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ സിപിഎം തൃശൂർ ജില്ല സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് കലക്‌ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.