തൃശൂര്‍: ബത്തേരിയിൽ പാമ്പ് കടിയേറ്റ് സ്‌കൂൾ വിദ്യാർഥി മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ തൃശൂരിലെ വീട്ടിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹനടക്കം പത്ത് പ്രവർത്തകർക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു. സ്‌കൂളിനുള്ളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിന്‍റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ഏറ്റെടുത്ത് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സി രവീന്ദ്രനാഥിന്റെ അയ്യന്തോളിലെ വസതിയിലേക്കായിരുന്നു മാര്‍ച്ച്.
ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് കേരള വർമ്മ കോളേജ് ഗ്രൗണ്ടിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് ചാടിക്കടന്ന് പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി.കെഎസ്‌യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹനെ വളഞ്ഞിട്ടാണ് പൊലീസ് അടിച്ചത്. ലാത്തിചാര്‍ജില്‍ തലയ്‌ക്ക് പരിക്കേറ്റ മിഥുനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ശില്‌പയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ലാത്തി ചാർജിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ പടിഞ്ഞാറെ കോട്ടക്ക് സമീപം റോഡ് ഉപരോധിച്ചു.