തൃശൂർ: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കോഴിക്കല്ല് മൂടല്‍ നടന്നു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും വിവിധ ജില്ലകളിൽ നിന്നുമായി നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുക്കാനെത്തി. രാവിലെ ക്ഷേത്രാങ്കണത്തിലെ ദീപസ്തംഭത്തിനു കീഴെ ഭഗവതിവീട്ടുകാര്‍ കോഴിക്കല്ല് മൂടി ചെമ്പട്ട് വിരിച്ചു.
ഭഗവതി വീട്ടിലെ പ്രതിനിധികളായ രാഗേഷ്, സുജിത്, സുജയ് ,അനന്തകൃഷ്ണൻ, ദേവദേവൻ എന്നിവർ കോഴിക്കല്ല് മൂടലിന് നേതൃത്വം നൽകി. തുടര്‍ന്ന് തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോയെന്ന് ഭഗവതി വീട്ടിലെ കാരണവര്‍ മൂന്നുവട്ടം വിളിച്ചുചൊല്ലി. ഈ സമയം വടക്കെ മലബാറിൽ നിന്നുമെത്തിയ തച്ചോളി മാണിക്കോത്ത് തറവാട്ടുകാരും കൂട്ടരും കോഴിക്കല്ലില്‍ പൂവന്‍ കോഴികളെ സമര്‍പ്പിച്ചതോടെ ഭരണിയാഘോഷത്തിന് ശുഭാരംഭമായി. മേപ്പാട്ട് രാധാകൃഷ്ണന്‍, വിജയൻ എന്നിവർ കടത്തനാടൻ സംഘത്തിന് നേതൃത്വം നൽകി.