തൃശൂർ: മണലൂരിൽ വെളിച്ചപ്പാട് സ്വഭാവ ദൂഷ്യം ആരോപിച്ചതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മിഷൻ. യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ ഉൾപ്പെടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
കുടുംബ ക്ഷേത്രത്തിലെ കോമരം രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ സ്വഭാവ ദൂഷ്യം ആരോപിക്കുകയായിരുന്നു. തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ക്ഷേത്രത്തിലെ കോമരം ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് യുവതിയുടെ വീട് സന്ദർശിച്ച വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് നിർദേശിച്ചു.
സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ക്ഷേത്രത്തിലെ ചടങ്ങിനിടയിൽ യുവതിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന് വെളിച്ചപ്പാട് പറയുകയായിരുന്നു. ഇതിനു പരിഹാരമായി ദേവിയോട് പരസ്യമായി മാപ്പ് പറയണമെന്നും നിർദേശിച്ചു. ബന്ധുക്കളും വീട്ടുകാരുമടക്കം 200ഓളം പേർ പങ്കെടുത്ത ചടങ്ങിലാണ് കോമരത്തിന്‍റെ വെളിപ്പെടുത്തൽ. ചടങ്ങിന് ശേഷം വീട്ടിലേക്ക് പോയ യുവതി മനംനൊന്ത് പിറ്റേന്ന് വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.