തൃശ്ശൂർ: ശ്രീകേരളവർമ്മ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ അയ്യപ്പനെ വികലമായി ചിത്രീകരിച്ച് ബോർഡ് സ്ഥാപിച്ചെന്ന് ആരോപണം. സംഭവത്തിൽ ബിജെപിയും, കോൺഗ്രസും പ്രതിഷേധവുമായെത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പൊലീസിൽ പരാതി നൽകി. എന്നാൽ ബോർഡ് സ്ഥാപിച്ചത് തങ്ങളല്ലെന്നും വിദ്വേഷ പ്രചാരണത്തിന്‍റെ ഭാഗമായി എസ്എഫ്ഐയെ ആക്രമിക്കാൻ വിവാദമുയർത്തുകയാണെന്നും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് കോളജിൽ വിവാദ ബോർഡ് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. ആർത്തവം അശുദ്ധിയല്ലെന്നും ശബരിമല സ്ത്രീപ്രവേശനം അനിവാര്യമാണെന്നും വ്യക്തമാക്കുന്ന ബോർഡിൽ രക്തം ഊർന്നിറങ്ങുന്ന കാലുകൾക്കിടയിൽ അയ്യപ്പന്‍റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രമുള്ളതാണ് വിവാദത്തിനിടയാക്കിയത്. വിഷയം രാവിലെ തന്നെ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായപ്പോള്‍ തന്നെ കോളജ് അധികൃതര്‍ ഇടപെടുകയും എസ്എഫ്ഐ പ്രവർത്തകർ തന്നെ ബോർഡ് മാറ്റുകയും ചെയ്തിരുന്നു.
സംഭവത്തിൽ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ തൃശ്ശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകി. വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതിൽ പ്രതിഷേധിച്ചും കുറ്റക്കാരെ കണ്ടെത്തി കോളജിൽ നിന്നും പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ഒരു വിഭാഗം വിശ്വാസികളുടെ വിശ്വാസങ്ങളെ മാത്രം അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഇത്തരക്കാരെ സംരക്ഷിക്കുന്ന സിപിഎമ്മിന്‍റേയും ദേവസ്വം ബോര്‍ഡിന്‍റേയും നിലപാടിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എ നാഗേഷ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ ബോർഡ് സ്ഥാപിച്ചതില്‍ എസ്എഫ്ഐക്കോ കോളജ് യൂണിറ്റ് കമ്മിറ്റിക്കോ ഒരു ബന്ധവുല്ലെന്ന് എസ്എഫ്ഐ കേരളവർമ്മ യൂണിറ്റ് വ്യക്തമാക്കി. ബോർഡ് ശ്രദ്ധയിൽപ്പെട്ട ഉടന്‍ യൂണിറ്റ് കമ്മിറ്റി ബോർഡ് എടുത്തുമാറ്റിയതായും എസ്എഫ്ഐയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.