തൃശൂര്‍: കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ ചെയര്‍മാന്‍റെ വിജയം റദ്ദാക്കി റീകൗണ്ടിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി കോളജ് പ്രിന്‍സിപ്പാള്‍ വിഎ നാരായണന്‍. കോടതി വിധി പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അസാധു വോട്ടിന്‍റെ കാര്യത്തില്‍ യൂണിവേഴ്‌സിറ്റി മാനദണ്ഡ പ്രകാരം നടപടി സ്വീകരിക്കും. റീ കൗണ്ടിങ് വീഡിയോയില്‍ പകര്‍ത്തും. സുതാര്യമായ റീ കൗണ്ടിങ്ങാണ് നടത്തുകയെന്നും പ്രിന്‍സിപ്പാള്‍ വിഎ നാരായണന്‍ പറഞ്ഞു.
കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കെഎസ്‌യു: കേരള വര്‍മ്മയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ്‌യുവിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി.എന്നാല്‍ സുതാര്യമായി റീ കൗണ്ടിങ്ങ് നടത്തണമെന്ന ആവശ്യം അംഗീകരിക്കുകയും ചെയ്തു. വിധിയെ സ്വാഗതം ചെയ്‌ത കെഎസ് യു നേതാക്കള്‍ ശ്രീകുട്ടന് വിജയം ഉറപ്പാണെന്നും പ്രതികരിച്ചു.
ഇന്നാണ് (നവംബര്‍ 28) കേരള വര്‍മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവുണ്ടായത്. കെഎസ്‌യുവിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി മാനദണ്ഡങ്ങള്‍ അനുസരിച്ച് റീകൗണ്ടിങ് നടത്താനാണ് ഉത്തരവിട്ടത്. റീ കൗണ്ടിങ് നടത്തി ഫലം പ്രഖ്യാപിക്കണമെന്ന് റിട്ടേണിങ് ഓഫിസര്‍ക്കും കോളജ് പ്രിന്‍സിപ്പലിനും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റേതാണ് നിര്‍ദേശം.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലുണ്ടായ റീകൗണ്ടിങ്ങില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു ചെയര്‍മാനായ ശ്രീക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. കോളജിലെ റീ കൗണ്ടിങ് സമയത്ത് വൈദ്യുതി ബന്ധം മനപൂര്‍വ്വം തടസപ്പെടുത്തിയെന്നും വോട്ടെടുപ്പില്‍ അട്ടിമറി ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കോളജിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാല്‍ റീ കൗണ്ടിങ് നടത്തിയതിന് പിന്നാലെ ശ്രീക്കുട്ടന്‍ പരാജയപ്പെടുകയും എസ്‌എഫ്‌ഐ സ്ഥാനാര്‍ഥി 11 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പില്‍ അട്ടിമറി ആരോപിച്ച കെഎസ്‌യു രംഗത്തെത്തിയത്.
മന്ത്രി ആര്‍ ബിന്ദുവിന്‍റെ അറിവോടെയാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതെന്നും കെഎസ്‌യു ആരോപിച്ചിരുന്നു. റീ കൗണ്ടിങ്ങിനിടെ രണ്ട് തവണയാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. ഇതെല്ലാം അട്ടിമറിയ്‌ക്ക് വേണ്ടി മനപൂര്‍വ്വം സൃഷ്‌ടിക്കപ്പെട്ടതായിരുന്നുവെന്നുമാണ് കെഎസ്‌യു ആരോപണം. ഇതിന് പിന്നാലെയാണ് ചെയര്‍മാനായ ശ്രീക്കുട്ടന്‍ ഹൈക്കോടതിയെ സമീപിച്ചത്.