തൃശൂർ: തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, മറ്റത്തൂർ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ ഗ്രാമപഞ്ചായത്തുകളും തൃശൂർ താലൂക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്നതാണ് പുതുക്കാട് നിയമസഭാമണ്ഡലം. 2008ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് മണ്ഡലം നിലവിൽ വന്നത്. പഴയ കൊടകര നിയമസഭാ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ആകെ 193335 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത് ഇതിൽ 99025 സ്ത്രീ വോട്ടർമാരും 94310 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു.
മണ്ഡലചരിത്രം
നിലവിൽ വന്ന ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും സിപിഎമ്മിന്‍റെ സി രവീന്ദ്രനാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. മുൻ മുഖ്യമന്ത്രി സി അച്യുതമോനോനും മുൻ മന്ത്രിമാരായ കെപി വിശ്വനാഥനും ലോനപ്പൻ നമ്പാടനും ഉൾപ്പെടെ പ്രമുഖരുടെ വിജയം കൊണ്ട് ശ്രദ്ധേയമായ കൊടകര മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പുതിയ പുതുക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. പഴയ കൊടകര മണ്ഡലത്തിൽ നിലവിൽ വരന്തരപ്പിള്ളി, അളഗപ്പ നഗർ, പുതുക്കാട്, നെന്മണിക്കര, പറപ്പൂക്കര, മറ്റത്തൂർ, തൃക്കൂർ, വല്ലച്ചിറ പഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് പുതുക്കാട് മണ്ഡലമാക്കിയത്.
നേരത്തെ ഒപ്പമുണ്ടായിരുന്ന കൊടകര പഞ്ചായത്ത് ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെട്ടപ്പോൾ വല്ലച്ചിറ പഞ്ചായത്തും പറപ്പൂക്കരയും ഉൾച്ചേർന്നു. നേരത്തെ ഇടത്-വലത് മുന്നണികളെ മാറി മാറി പരീക്ഷിച്ചെങ്കിൽ 2006 ല്‍ കൊടകര മണ്ഡലത്തില്‍ വിജയിച്ച സിപിഎം നേതാവ് സി രവീന്ദ്രനാഥ്, 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പുതുക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.
1965ലെയും 1967ലെയും തെരഞ്ഞെടുപ്പിൽ സിപിഐയുടെ പിഎസ് നമ്പൂതിരിയാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 1970ലും സി അച്യുതമേനോനിലൂടെ സിപിഐ മണ്ഡലം നിലനിർത്തി. 1977, 1980 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ ലോനപ്പൻ നമ്പാടനിലൂടെ കേരളാ കോൺഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 1982 ഇന്ത്യൻ കോൺഗ്രസ് സോഷ്യലിസ്റ്റിന്‍റെ സിജി ജനാർദനൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 1987 മുതൽ 2001 വരെയുള്ള 14 വർഷങ്ങൾ കോൺഗ്രസിലെ കെപി വിശ്വനാഥൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.
2006ൽ സിപിഎമ്മിന്‍റെ സി രവീന്ദ്രനാഥ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു. തുടർന്ന് 2008-ലെ മണ്ഡല പുനർനിർണ്ണയത്തോടെ കൊടകര നിയമസഭാമണ്ഡലം ഇല്ലാതായി. കൊടകര മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും പുതിയ പുതുക്കാട് നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നുണ്ട്. ബിജെപിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാകും കളമൊരുങ്ങുക.
നിയമസഭാ തെരഞ്ഞെടുപ്പ് 2011
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെപി വിശ്വനാഥനെ 26,482 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി രവീന്ദ്രനാഥ് പുതുക്കാട് മണ്ഡലത്തിലെ ആദ്യ എംഎല്‍എയായത്. 1,38,251 പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ സി രവീന്ദ്രനാഥ് 73,047 വോട്ടുകളും കെപി വിശ്വനാഥൻ 46,565 വോട്ടുകളും നേടി. 2011ൽ ബിജെപിക്ക് മണ്ഡലത്തിൽ നിന്ന് 14,425 വോട്ടുകളാണ് നേടാനായത്. ശോഭാ സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാർഥി.
നിയമസഭാ തെരഞ്ഞെടുപ്പ് 2016
![പുതുക്കാട് നിയമസഭാമണ്ഡലം Puthukkad State Assembly constituency State Assembly constituency Assembly constituency നിയമസഭാമണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് 2021 assembly election 2021 assembly election](https://etvbharatimages.akamaized.net/etvbharat/prod-images/puthukkadu-mla_1503newsroom_1615800528_406.png)
2016 കോൺഗ്രസിന്‍റെ സുന്ദരൻ കുന്നത്തുള്ളിയെ പരാജയപ്പെടുത്തി സി രവീന്ദ്രനാഥ് നിയമസഭയിലെത്തി. 79464 വോട്ടുകൾ നേടിയ സി രവീന്ദ്രനാഥ് 36,060 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2016ൽ മണ്ഡലത്തിൽ നിന്ന് 35833 വോട്ടുകളാണ് ബിജെപിക്ക് നേടാനായത്. എ നാഗേഷായിരുന്നു ബിജെപി സ്ഥാനാർഥി. 21,408 അധികം വോട്ടാണ് 2016ൽ ബിജെപിക്ക് മണ്ഡലത്തിൽ നിന്ന് നേടാനായത്.
![പുതുക്കാട് നിയമസഭാമണ്ഡലം Puthukkad State Assembly constituency State Assembly constituency Assembly constituency നിയമസഭാമണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് 2021 assembly election 2021 assembly election](https://etvbharatimages.akamaized.net/etvbharat/prod-images/puthukkadu-2016_1503newsroom_1615800528_132.png)
തദ്ദേശ തെരഞ്ഞെടുപ്പ് 2020
![പുതുക്കാട് നിയമസഭാമണ്ഡലം Puthukkad State Assembly constituency State Assembly constituency Assembly constituency നിയമസഭാമണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് 2021 assembly election 2021 assembly election](https://etvbharatimages.akamaized.net/etvbharat/prod-images/puthukkadu-lsg_1503newsroom_1615800528_707.png)
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിൽ മൂന്നെണ്ണം യുഡിഎഫിനൊപ്പവും അഞ്ചെണ്ണം എൽഡിഎഫിനൊപ്പവുമാണ് നിലനിന്നത്. അളഗപ്പനഗർ, തൃക്കൂർ, പുതുക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളാണ് യുഡിഎഫിനെ പിന്തുണച്ചത്. മറ്റത്തൂർ, നെന്മണിക്കര, പറപ്പൂക്കര, വരന്തരപ്പിള്ളി, വല്ലച്ചിറ ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.