തൃശൂർ: ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ചാലക്കുടി നിയമസഭാമണ്ഡലം.
ആകെ 184589 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 94924 സ്ത്രീ വോട്ടർമാരും 89664 പുരുഷ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും.
മണ്ഡല ചരിത്രം
പൊതുവെ യുഡിഎഫ് മണ്ഡലമായിരുന്ന ചാലക്കുടി, 2006 ലെ തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മിന് അനുകൂലമായത്. 1957ലെ തെരഞ്ഞെടുപ്പിൽ പട്ടിക ജാതി സംവരണത്തിൽ സിപിഐയിലെ പികെ ചാത്തൻ മാസ്റ്ററും പിഎസ്പിയിലെ സിജി ജനാർദനനും വിജയിച്ചു.
1960 മുതൽ 1965വരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച കെകെ ബാലകൃഷ്ണനും പിഎസ്‌പി സ്ഥാനാർഥിയായ സിജി ജനാർദ്ദനനും സംവരണ മണ്ഡലത്തില്‍ വിജയിച്ചു. 1967 മുതൽ 1970 വരെ കോൺഗ്രസിന്‍റെ പിപി ജോർജും 1977, 1980 വർഷങ്ങളില്‍ കേരള കോൺഗ്രസിന്‍റെ പിെക ഇട്ടൂപ്പും ജയിച്ചു. 1977-80 തെരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസും നേർക്കു നേർ മത്സരിച്ച മണ്ഡലം കൂടിയാണ് ചാലക്കുടി. 1982, 1987 വർഷങ്ങളിൽ ജനതാ പാർട്ടി (ജെഎൻപി)യുടെ കെജെ ജോർജായിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 1991ൽ കോൺഗ്രസിന്‍റെ റോസമ്മ ചാക്കോയും 1996, 2001 വർഷങ്ങളിൽ കേരള കോൺഗ്രസിന്‍റെ സാവിത്രി ലക്ഷ്മണനും മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 2006 മുതല്‍ പിന്നീടങ്ങോട്ട് ബിഡി ദേവസി മണ്ഡലത്തെ സിപിഎമ്മിന് അനുകൂലമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് 2011
സിറ്റിങ് എംഎൽഎയായ ബിഡി ദേവസിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസിന്‍റെ ബെന്നി കെടിയായിരുന്നു എതിർ സ്ഥാനാർഥി. 2,549 വോട്ടുകളുടെ ഭൂരിക്ഷത്തിലായിരുന്നു എൽഡിഎഫിന്‍റെ വിജയം. ബിഡി ദേവസി 63,610 വോട്ടുകളും ബെന്നി കെടി 61,061 വോട്ടുകളുമാണ് നേടിയത്. 2011ൽ ബിജെപി 5,976 വോട്ടുകളാണ് നേടിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് 2016
സിറ്റിങ് എംഎൽഎയായ ബിഡി ദേവസി മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ചു. കോൺഗ്രസിന്‍റെ ടിയു രാധാകൃഷ്ണനായിരുന്നു എതിർ സ്ഥാനാർഥി. 26139 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് മണ്ഡലം നിലനിർത്തിയത്. ബിഡി ദേവസി 73793 വോട്ടുകളും യുഡിഎഫ് 47410 വോട്ടുകളുമാണ് തെരഞ്ഞെടുപ്പിൽ നേടിയത്.
തദ്ദേശതെരഞ്ഞെടുപ്പ് 2020
ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവ മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. അതിരപ്പിള്ളി, കടുകുറ്റി, കൊടകര, കൊരട്ടി, മേലൂർ, പരിയാരം ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം നിൽക്കുകയായിരുന്നു.