തൃശൂർ: പരമ്പരാഗത കൃഷി സമ്പ്രദായമായിരുന്ന ഞാറ്റുവേലകള്‍ ആസ്‌പദമാക്കി കൃഷിയെ തിരിച്ചുകൊണ്ടുവരാന്‍ ആരംഭിച്ച ഞാറ്റുവേല ചന്ത തൃശൂരിൽ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്‌ടറേറ്റാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. കേരള കാർഷിക സർവകലാശാല മണ്ണുത്തി സെന്‍ററിൽ നടന്ന ചടങ്ങ് ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ അത്യുൽപ്പാദന ശേഷിയുള്ള നടീൽ വസ്തുക്കളും, പച്ചക്കറി വിത്തുകളും, തൈകളും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് നൽകുമെന്നും തിരുവാതിര ഞാറ്റുവേല കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലമാണെന്നും കെ. രാജൻ പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് കേരള കാർഷിക സർവകലാശാല നടപ്പാക്കാനുദ്ദേശിക്കുന്ന 'ജൈവ പച്ചക്കറി കൃഷി' ഓൺലൈൻ പരിശീലന പരിപാടി ജൂൺ അവസാന വാരം തുടങ്ങുമെന്ന് വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു പറഞ്ഞു. ഇതോടൊപ്പം ടെറസിൽ കൃഷി ചെയ്യാവുന്ന 'ഏക' പ്രകൃതി സൗഹൃദ പച്ചക്കറി നടീൽ കിറ്റിന്‍റെ ഉദ്ഘാടനവും ചീഫ് വിപ്പ് നിർവഹിച്ചു. ടെറസിൽ ഉത്‌പാദിപ്പിക്കാവുന്ന പത്തിനം പച്ചക്കറി തൈകളും അവയ്ക്കാവശ്യമായ വളക്കട്ട, കുമ്മായം, ജൈവവളം എന്നിവ അടങ്ങിയ കിറ്റും കൃഷി ചെയ്യേണ്ട രീതി വിവരിക്കുന്ന വീഡിയോയും അടങ്ങുന്ന പദ്ധതിയാണ് 'ഏക'.
ഒരാഴ്‌ചകാലമാണ് ഞാറ്റുവേല ചന്ത നടക്കുക. വിവിധതരത്തിലുള്ള പച്ചക്കറി വിത്തുകൾ, തൈകൾ, സ്‌ക്വാഷ്, ജാം, അച്ചാർ, കശുവണ്ടി പരിപ്പ്, ജൈവവളങ്ങൾ തുടങ്ങിയവയും ചന്തയിൽ ലഭ്യമാണ്. ചടങ്ങിൽ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്‌സ്, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം മേധാവി ഡോ. ശ്രീവത്സൻ ജെ. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.