തൃശൂര്‍: കഴിഞ്ഞ പ്രളയത്തിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ച കരുവന്നൂർ മേഖലയിൽ ഇപ്പോഴും പ്രളയ സമാനമായ അന്തരീക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. കരുവന്നൂർ പുഴയുടെ കൈവഴിയായ ചെറുപുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയോ വെള്ളം ഒഴുകി പോകുന്നതിനായി സംസ്ഥാന പാതയിൽ മുമ്പ് ഉണ്ടായിരുന്ന ചെറിയ പാലം പുനർനിർമ്മിക്കുകയോ ചെയ്തിട്ടില്ല. പ്രളയത്തിൽ തകർന്ന ചെറിയ പാലം- ആറാട്ടുപുഴ ബണ്ട് റോഡ് പുനർനിർമ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ടിഎൻ പ്രതാപൻ എംപി സ്ഥലം സന്ദർശിക്കുകയും കലക്ടറെ വിളിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു ബണ്ട് തകർന്ന സ്ഥലം സന്ദർശിക്കാൻ എത്തിയ ഗീതാ ഗോപി എംഎല്‍എയെ നാട്ടുകാ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഇറിഗേഷൻ വിഭാഗവും പൊതുമരാമത്ത് വകുപ്പും ബണ്ട് റോഡ് തങ്ങളുടെ അധികാരപരിധിയില്‍ അല്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. ചെറിയ പാലത്തിലൂടെ വെള്ളം ഒഴുകി പോകത്തതിനാല്‍ ബണ്ടിനോട് ചേർന്നുള്ള അമ്പതോളം വീടുകൾ വെള്ളത്തിലാണ്.
ഭാഗികമായി തകർന്ന് കിടക്കുന്ന ബണ്ട് ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. പ്രതിഷേധിച്ച നാട്ടുകാരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.