തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ (Karuvannur bank scam) ഒളിവിലായിരുന്ന മുഖ്യപ്രതി കിരൺ അറസ്റ്റിലായി. കേസിലെ ആറ് പ്രധാന പ്രതികളിൽ നാലാം പ്രതിയാണ് കിരൺ. ഒളിവിൽ കഴിയുകയായിരുന്ന കിരണിനെ പാലക്കാട് കൊല്ലങ്കോട് നിന്നാണ് ക്രൈംബ്രാഞ്ച് (Crime Branch) അറസ്റ്റ് ചെയ്‌തത്. ബാങ്കിലെ കമ്മിഷൻ ഏജന്‍റായിരുന്ന കിരൺ കൂട്ടുപ്രതികളുമായി ചേർന്ന് 22 കോടിയോളം രൂപ തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലാണ് കിരൺ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാള്‍ പാലക്കാട് എത്തിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കിരണിന്‍റെ പേരിൽ 50 ലക്ഷം രൂപയുടെ ഒരു വായ്‌പയും 45 ബിനാമി വായ്‌പകളുമുണ്ട്. ഇതിൽ പലതും 50 ലക്ഷം രൂപ വീതം എടുത്തവയാണ്. 22.85 കോടി രൂപയുടെ ബാധ്യത കിരൺ മൂലം ബാങ്കിനുണ്ടായതായാണ് കണ്ടെത്തല്‍. കിരണിന്‍റെ ബിസിനസ് പങ്കാളികളുടെയും ബന്ധുക്കളുടെയും പേരിലാണ് പല വായ്‌പകളും. ഇവയ്‌ക്കൊന്നും കൃത്യമായ ഈടു രേഖകളില്ല.
കിരണിന്‍റെ ഇതര ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ കോടിക്കണക്കിനു രൂപയുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ദേശസാൽകൃത ബാങ്കുകളിൽ നിന്നും കോടികൾ വ്യാജ രേഖകൾ ഉപയോഗിച്ചും മറ്റ് പലരുടെ പേരുകളിലും തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഏറെയായിട്ടും കിരണിനെ പിടികൂടാത്തത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. കേസിൽ അമ്പിളി മഹേഷ് ഉൾപ്പടെ രണ്ട് ഭരണ സമിതി അംഗങ്ങളെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.
Also Read: മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ശല്യം രൂക്ഷം; ആനപ്പേടിയിൽ തോട്ടം തൊഴിലാളികൾ