തൃശൂര്‍: കയ്‌പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. മൂന്നുപീടിക ബീച്ച് റോഡ് വായനശാലയ്‌ക്ക് കിഴക്ക് താമസിക്കുന്ന തേപറമ്പിൽ അഷറഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. എഴുപതിനായിരം രൂപയും വിലപിടിപ്പുള്ള വാച്ചുമാണ് മോഷണം പോയത്.
അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസം. കഴിഞ്ഞ 20-ാം തീയതി വീട്ടിലെത്തി മടങ്ങിയിരുന്നു. ഇന്നലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇരുനില വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്‌ടാവ് അകത്ത് കടന്നിട്ടുള്ളത്.
അഞ്ച് മുറിയുടെ വാതിലും കുത്തിപ്പൊളിച്ചിട്ടുണ്ട്. മുറിയ്‌ക്കുള്ളിലെ അലമാരകളെല്ലാം കുത്തി തുറന്നിട്ടുണ്ട്. അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് ബാഗ് സഹിതം കവർന്നത്. അലമാരയിലുണ്ടായിരുന്ന വിലകൂടിയ വാച്ചും മോഷ്‌ടിച്ചു.
പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് മൂന്ന് വീടുകളിൽ കവർച്ച നടന്നിരുന്നു. കയ്‌പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.