തൃശൂര്‍: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരം മുറി വിഷയത്തിൽ വനം മന്ത്രി പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ട് കളിക്കുന്ന നാടകമാണ്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയും വിശദീകരിക്കണം. കേരളത്തിലെ ജനങ്ങളെ മറന്ന് കൊണ്ടാണ് നടപടിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയതാണ് വിവാദമായത്. മരംമുറി തന്‍റെ അറിവോടെയല്ലെന്ന വിശദീകരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രണ്ടുദിവസം മുമ്പാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും അറിയാതെ മരം മുറിക്കുന്നത് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനമെടുത്തത്.
also read: നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗഹണം നവംബര്‍ 19ന്: എങ്ങനെ കാണാം?
തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുഗന്‍ നേതൃത്വം നല്‍കിയ മന്ത്രിതല സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് വിവാദ തീരുമാനമുണ്ടായത്. വര്‍ഷങ്ങളായുള്ള തമിഴ്‌നാടിന്‍റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലില്‍ കത്തയച്ചപ്പോഴാണ് മരംമുറി ഉത്തരവ് പുറത്തറിയുന്നത്.