തൃശ്ശൂര്‍: സർവകക്ഷി യോഗത്തിൽ അടച്ചിടൽ വേണ്ട എന്ന് തീരുമാനിച്ചിട്ടും ലാവ്ലിൻ കേസ് കോടതി പരിഗണിക്കുന്നതിനെ ഭയന്നാണ് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പായിരിക്കുന്നു. സി.പി.എം എം.എൽ.എമാർക്കും നേതാക്കൾക്കും കേസിൽ ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം കൂടുതൽ വ്യക്തമായിരിക്കുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുമ്പോൾ മറ്റ് ഉദ്ദേശങ്ങളോടു കൂടിയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. സ്വപ്നയിൽ നിന്നും എന്തൊക്കെ കിട്ടിയെന്ന് ചെന്നിത്തല തന്നെ പറയട്ടെ എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിജയന്‍റെ കരിനിയമങ്ങൾ ജനങ്ങൾ വലിച്ചെറിയും. തെരുവിലിറങ്ങേണ്ട സ്ഥിതി വന്നാൽ ബി.ജെ.പി തെരുവിലിറങ്ങും. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്താനാണ് കരുതുന്നതെങ്കിൽ അംഗീകരിക്കില്ല എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.