തൃശൂര്‍: പത്തനംതിട്ടയിലെ എല്‍ഡി ക്ലാർക്ക് നിയമനം, സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നതിന്‍റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ നിയമനം സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ ശക്തിപ്പെടുന്നതിന്‍റെ തെളിവാണ്. കെ സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ജില്ല കലക്‌ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. സംസ്ഥാനത്ത് എല്ലായിടത്തും അനധികൃത നിയമന മാഫിയ പിടിമുറുക്കുകയാണ്. റവന്യു മന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും കെ സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു. പത്തനംതിട്ട ജില്ല റവന്യു ഭരണ വിഭാഗത്തിൽ എൽഡി ക്ലാർക്ക് തസ്‌തികയിലേക്കുളള നിയമന ഉത്തരവാണ് വിവാദമായത്. ഇത് ഉദ്യോഗാർഥികൾക്ക് കൈമാറിയതിൽ ചട്ടലംഘനമുണ്ടായെന്നാണ് ഉയരുന്ന പ്രധാന ആരോപണം.